സചിത റൈക്കെതിരെ പരാതിയുമായി രണ്ടുപേര്‍ കൂടി
1460612
Friday, October 11, 2024 7:28 AM IST
കാസര്‍ഗോഡ്: ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെന്ന കേസില്‍ പ്രതിയായ മുന്‍ ഡിവൈഎഫ്ഐ നേതാവ് സചിത റൈക്കെതിരെ രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. രണ്ടു പരാതികളും ബദിയഡുക്ക പോലീസ് സ്റ്റേഷന് പരിധിയിലാണ്.
ബാഡൂരിലെ മല്ലേഷിന് കര്‍ണാടക എക്സൈസില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ജോലി തരപ്പെടുത്താന്‍ രണ്ടരലക്ഷം രൂപയാണ് സചിത ആവശ്യപ്പെട്ടതെന്ന് മല്ലേഷ് നല്കിയ പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ 2023 ഒക്ടോബര്‍ 13ന് സചിതയുടെ അകൗണ്ടിലേക്ക് അയച്ചു കൊടുത്തുവെന്നും പിന്നീട് അരലക്ഷം രൂപ കൂടി ആവശ്യപ്പെട്ടുവെങ്കിലും ജോലി ശരിയായാല്‍ നല്‍കാമെന്ന് അറിയിച്ചതായും യുവാവ് വ്യക്തമാക്കി.
കുമ്പള കിദൂരിലെ നിഷ്മിത ഷെട്ടിയുടെ പരാതിയില്‍ സചിതയ്ക്കെതിരെ കുമ്പള പോലീസ് കേസെടുത്ത വിവരം അറിഞ്ഞതോടെയാണ് തട്ടിപ്പിനു താനും ഇരയായതെന്ന കാര്യം മല്ലേഷിനു ബോധ്യമായതും പോലീസില്‍ പരാതി നല്കിയതും. അതേസമയം മല്ലേഷ് പോലീസില്‍ പരാതി നല്കിയ വിവരമറിഞ്ഞ സചിത കഴിഞ്ഞദിവസം മല്ലേഷിനെ ഇന്റര്‍നെറ്റ് കോള്‍ വഴി വിളിച്ചതായും പരാതി പിന്‍വലിക്കണമെന്നും പണം തിരികെ തരാമെന്നും അറിയിച്ചതായും പറയുന്നുണ്ട്. എപ്പോള്‍ തരുമെന്ന് ചോദിച്ചപ്പോള്‍ മറുപടി ഉണ്ടായില്ലെന്ന് മല്ലേഷ് പറയുന്നു.
പള്ളത്തടുക്ക ബെള്ളംബെട്ടുവിലെ ശ്വേതയാണ് മറ്റൊരു പരാതിക്കാരി. കേന്ദ്രീയവിദ്യാലയത്തില്‍ സ്ഥിരം അധ്യാപക ജോലി തരപ്പെടുത്തിത്തരാമെന്നാണ് അറിയിച്ചതെന്നും ഈവര്‍ഷം സെപ്റ്റംബര്‍ 21ന് രണ്ടരലക്ഷം രൂപ കൈപ്പറ്റിയതായും ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചതെന്നും ശ്വേത പരാതിയില്‍ പറയുന്നു. സചിത ജോലി ചെയ്തിരുന്ന ബാഡൂര്‍ എഎല്‍പി സ്കൂളിലെ താത്കാലിക അധ്യാപികയായി ജോലി ചെയ്തിരുന്നു. ഇവിടെ വെച്ചാണ് ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നത്.