വീരമല, മട്ടലായി കുന്നുകളിൽ മൂന്നിടങ്ങളിൽ വിള്ളൽ കണ്ടെത്തി
1568747
Friday, June 20, 2025 1:13 AM IST
ചെറുവത്തൂർ:രണ്ടാഴ്ചയായി പെയ്ത മഴക്ക് ശേഷം ദേശീയപാതയോരത്തെ കുന്നുകളിലുണ്ടായ മാറ്റങ്ങൾ തിരിച്ചറിയാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഡ്രോൺ സർവേ നടത്തി. ചെറുവത്തൂരിലെ വീരമല, മട്ടലായി കുന്നുകളുടെ മുകൾതട്ട് പരിശോധനയുടെ ഭാഗമായാണ് ഡ്രോൺ നിരീക്ഷണം നടത്തിയത്.
ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തിൽ നടത്തിയ ഡ്രോൺ സർവേയിൽ വീരമല കുന്നിൽ മണ്ണിടിഞ്ഞ് നീളത്തിലും കുറുകെയും മൂന്നിടങ്ങളിൽ വിള്ളൽ കണ്ടെത്തി. ഇതു സംബന്ധിച്ച് ഹൊസ്ദുർഗ് തഹസിൽദാർ വിശദമായ റിപ്പോർട്ട് സമർപ്പിക്കും. അതിന് ശേഷം ദേശീയപാത അതോറിറ്റിക്ക് റിപ്പോർട്ട് കൈമാറും.
കുന്നും താഴ്വാരവും സംരക്ഷിക്കാൻ പ്രത്യേക നടപടി സ്വീകരിക്കാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, ഹൊസ്ദുർഗ് തഹസിൽദാർ ടി. ജയപ്രസാദ്, ഹസാർഡ് അനലിസ്റ്റ് പി. ശില്പ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ പി.വി. തുളസിരാജ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ കളക്ടറെ അനുഗമിച്ചു.
കാസർഗോഡ് ബേവിഞ്ച കുന്നിലും ഡ്രോൺ സർവേ നടത്തുമെന്ന് കളക്ടർ പറഞ്ഞു.