ബേക്കല്‍ കോട്ടയുടെ തകര്‍ച്ച: ചര്‍ച്ച നടത്തി
1569029
Saturday, June 21, 2025 1:44 AM IST
ബേക്കല്‍: കേരളത്തിലെ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ ചുമതലയുള്ള സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് വിജയകുമാര്‍ എസ്. നായരും സി.എച്ച്. കുഞ്ഞമ്പു എംഎല്‍എയും കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത സ്മാരകമായ ബേക്കല്‍ കോട്ടയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
കനത്ത മഴയില്‍ തകര്‍ന്ന കോട്ട മതില് പുരാവസ്തു മാര്‍ഗനിര്‍ദേശമനുസരിച്ച് മഴക്കാലം കഴിയുന്നതോടെ പുനഃസൃഷ്ടിക്കാനുള്ള പ്രവര്‍ത്തി തുടങ്ങാന്‍ കഴിയുമെന്ന് സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് പ്രത്യാശ പ്രകടിപ്പിച്ചു.
കോട്ടക്കകത്തെ ടൂറിസ്റ്റ് വകുപ്പിന്റെ കീഴിലുള്ള ടൂറിസ്റ്റ് ബംഗ്ലാവിന്റെ കേടുപാടുകള്‍ നീക്കി സന്ദര്‍ശകര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താനായി സങ്കേതിക കുരുക്കഴിക്കാന്‍ ശ്രമിക്കുമെന്ന് ഇരുവരും പറഞ്ഞു.
ഡെപ്യൂട്ടി സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് ഇ. കുമാരന്, അസി. സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് (ടെക്നിക്കല്‍) ഭരദ്വാജ് സുരേഷ്, കണ്‍സര്‍വേറ്റീവ് അസിസ്റ്റന്റ് പി.വി. ഷാജു എന്നിവര്‍ സംബന്ധിച്ചു.