കാറിന്റെ പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
1569735
Monday, June 23, 2025 6:23 AM IST
തൃക്കരിപ്പൂർ: കാലിക്കടവ്- തൃക്കരിപ്പൂർ പ്രധാന പാതയിലെ ചന്തേരയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരപരിക്ക്. വലിയപറമ്പ കന്നുവീട് കടപ്പുറത്തെ ഇ. രാജീവന്റെയും പ്രജിനയുടെയും മകൻ വസുദേവ് (19) ആണ് മരിച്ചത്.
ബൈക്കിൽ കൂടെ സഞ്ചരിച്ച കന്നുവീട് കടപ്പുറത്തെ അനിലന്റെ മകൻ ആദിത്യനെ (21) ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ചന്തേര ഗവ. യുപി സ്കൂളിന് മുന്നിലാണ് അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് കാറിന്റെ അരികിലിടിച്ചാണ് അപകടമുണ്ടായത്.
കാലിക്കടവ് ഭാഗത്തുനിന്നു വന്ന ബൈക്ക് മുന്നിലുള്ള വാഹനങ്ങൾ ബ്രേക്ക് ചെയ്തപ്പോൾ നിർത്താനുള്ള ശ്രമത്തിൽ നിയന്ത്രണംവിട്ട് മുന്നിൽ പോയ കാറിന്റെ അരികിലിടിച്ച് യുവാക്കൾ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. നാട്ടുകാരും ചന്തേര സ്റ്റേഷനിൽ നിന്നെത്തിയ പോലീസും ചേർന്ന് ചെറുവത്തൂരിലെ ആശുപത്രിയിലേക്കെത്തും മുമ്പ് വസുദേവ് മരിച്ചു. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. സഹോദരി: വരലക്ഷ്മി.