കെഎംഎംഎൽ തൊഴിലാളികളുടെ പണിമുടക്കില്‍ സംഘർഷം
1535111
Friday, March 21, 2025 5:47 AM IST
ചവറ : കെഎംഎംഎല്‍ കമ്പനിയിലെ ഡിസിഡബ്ല്യൂ തൊഴിലാളികള്‍ നടത്തിയ സൂചനാ പണിമുടക്കില്‍ സംഘര്‍ഷം. കമ്പനിയിലെ എംഡിയെ തടഞ്ഞതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. ഒരു തൊഴിലാളിക്ക് പരിക്കേറ്റു.
കഴിഞ്ഞ 14 വര്‍ഷമായി കമ്പനിയിലെ സ്ഥിരം ജീവനക്കാരോടൊപ്പം വര്‍ക്കര്‍ ജോലി ചെയ്ത് വരുന്ന ഡിസിഡബ്ല്യൂ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും കമ്പനിയിലെ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് ഡിസിഡബ്ല്യൂ തൊഴിലാളി കൂട്ടായ്മയാണ് ഇന്നലെ സൂചനാ പണിമുടക്ക് നടത്തിയത്.
ഇന്നലെ പുലർച്ചെ 5.30 മുതല്‍ തൊഴിലാളികള്‍ സംഘടിച്ച് കമ്പനിക്ക് മുന്നില്‍ പ്രതിഷേധിച്ചു.രാവിലെ കമ്പനിയിലേക്ക് കയറാന്‍ കാറില്‍ വരികയായിരുന്ന എംഡി പ്രദീപ് കുമാറിനെ തൊഴിലാളികള്‍ തടഞ്ഞു.തുടര്‍ന്ന് എംഡിയെ കമ്പനിക്കുള്ളിലേക്ക് കയറ്റി വിടാതെ തടഞ്ഞ തൊഴിലാളികളോട്അദ്ദേഹത്തെ കയറ്റി വിടണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും അതിന് തയാറായില്ല.
തുടര്‍ന്ന് പോലീസും തൊഴിലാളികളും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും നടന്നു.ഒടുവിൽ തൊഴിലാളികള്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയായിരുന്നു. ലാത്തി അടിയേറ്റ് തൊഴിലാളിയായ നിജിമോന്റെ മൂക്കിന് പരിക്കേറ്റു.
ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് തൊഴിലാളികളെ അനുനയിപ്പിച്ച ശേഷമാണ് എംഡിയെ കമ്പനിക്കുള്ളിലേക്ക് കയറ്റിവിട്ടത്.
ആറുമാസം മുമ്പ് മന്ത്രി പി. രാജീവും ട്രേഡ് യൂണിയന് നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ മന്ത്രിയുടെ നിര്‍ദേശങ്ങളെ മാനേജ്മെന്റ് അട്ടിമറിച്ചെന്ന് തൊഴിലാളികള്‍ ആരോപിച്ചു.തൊഴിലാളികള്‍ക്ക് നേരെ പോലീസ് ലാത്തി വീശിയത് ശരിയായ നടപടിയല്ലെന്നും തങ്ങളുടെ സമരം വിജയിക്കുന്നതുവരെ കൂടിയാലോചിച്ച് പ്രതിഷേധ നടപടികളുമായി മുന്നോട്ട് പോകാനാണ് ഡിസിഡബ്ല്യൂ തീരുമാനം.
കോലത്ത് വേണുഗോപാല്‍, കെ.സുരേഷ് ബാബു, ഷിനു, യേശുദാസന്, അരുണ്‍ ഈശ്വര്‍,നിസാര്‍ വേലുശേരില്,പത്മകുമാര്‍ വടുതല തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.