അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ കളിസ്ഥല നവീകരണം വൈകുന്നു
1599916
Wednesday, October 15, 2025 6:12 AM IST
അഞ്ചല്‍ : അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കളിസ്ഥലം നവീകരിക്കുന്നതിനായി തുക അനുവദിച്ചു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും നവീകരണ പ്രവര്‍ത്തികൾക്കു തുടക്കം കുറിക്കാന്‍ പോലും കഴിയാത്ത അധികൃത നില്പാടില് വിമര്‍ശനവും പ്രതിഷേധവും ഉയരുന്നു. 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ അന്നത്തെ വനംമന്ത്രിയും പുനലൂര്‍ എംഎല്‍എയുമായിരുന്ന കെ. രാജുവിന്റെ ആസ്തി വികസന ഫണ്ടില്‍നിന്നുമാണ് 1.3 കോടി രൂപ അനുവദിച്ചത്.
2021 ല്‍ പദ്ധതിക്കു പ്രവര്‍ത്തനാനുമതിയും ലഭിച്ചു. കിഴക്കന്‍ മലയോര മേഖലയില്‍ മികച്ച കളിസ്ഥലമുള്ള ഏക സ്കൂളാണ് അഞ്ചല്‍ ഈസ്റ്റ് സര്‍ക്കാര്‍ ഹയര്സെക്കൻ ഡറി സ്കൂള്‍. ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ കായിക മേളകളും ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് കേരളോത്സവം ഉള്‍പ്പെടെ നടക്കുന്നതും ഇവിടെയാണ്. നിരവധി തവണ ജില്ലാ സ്കൂള്‍ കലോത്സവവും ഇവിടെ നടന്നിട്ടുണ്ട്.
ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് ആധുനിക രീതിയില്‍ കളിസ്ഥലം നവീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. എസ്. ജയമോഹന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കേ കളിസ്ഥലം നവീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്തില്‍നിന്നും ഫണ്ട് അനുവദിച്ചിരുന്നു. ഈ ഫണ്ട് ഉപയോഗിച്ചുകൊണ്ടു പില്ലറുകള്‍ ഉള്‍പ്പടെ നിര്‍മിച്ചുവെങ്കിലും ഫണ്ടിന്റെ അപര്യാപ്തതയെ തുടര്‍ന്നു നിര്‍മ്മാണം നിലച്ചു.
ഇതോടെയാണ് കെ. രാജു ഫണ്ട് അനുവദിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ജില്ലാ പഞ്ചായത്ത് നിര്‍മിച്ച പില്ലറുകൾ ഉള്‍പ്പടെ പൊളിച്ചുനീക്കി മാത്രമേ പുതിയ പ്രവർത്തികൾ ആരംഭിക്കാന്‍ കഴിയൂവെന്നാണ് സൂചന. അതേസമയം ഫണ്ട് അനുവദിച്ച് അഞ്ചു വര്‍ഷം കഴിയുമ്പോഴും നിര്‍മാണം ആരംഭിക്കാത്തതിലുള്ള അതൃപ്തി കെ. രാജു പ്രകടിപ്പിച്ചു.
ഇനിയും പ്രവര്‍ത്തികള്‍ ആരംഭിച്ചില്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെടുമെന്നും കെ. രാജു ദീപികയോട് പറഞ്ഞു. എന്നാല്‍ കളിസ്ഥല നവീകരണം ഉടന്‍ ആരംഭിക്കുമെന്നും സംസ്ഥാന സ്പോര്‍ട്ട്സ് കൗണ്‍സിലിന്റെ കീഴിലെ ഏജന്‍സിയാണ് പ്രവര്‍ത്തികള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും സ്കൂള്‍ പിടിഎ അറിയിച്ചു.