തിരുമുക്ക് അടിപ്പാത സമരത്തിന് വ്യാപാരി വ്യവസായികളുടെ പിന്തുണ
1599910
Wednesday, October 15, 2025 6:03 AM IST
ചാത്തന്നൂർ: തിരുമുക്ക് അടിപ്പാത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന റിലേ സത്യഗ്രഹത്തിന്റെ 27-ാം ദിവസം വ്യാപാരി വ്യവസായി സമിതി സത്യഗ്രഹമനുഷ്ടിച്ചു. ചാത്തന്നൂർ തിരുമുക്കിൽ വലിയ വാഹനങ്ങൾക്കു കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ റിലേ സത്യഗ്രഹ സമരം നടത്തി വരുന്നത്.
വ്യാപാരി വ്യവസായി സമിതി ചാത്തന്നൂർ യൂണിറ്റ് സെക്രട്ടറി എസ്.ബിനു സത്യഗ്രഹം അനുഷ്ടിച്ചു. വ്യാപാരി വ്യവസായി സമിതി ചാത്തന്നൂർ ഏരിയാ പ്രസിഡന്റ് ജയചന്ദ്രൻ ചാനൽവ്യു സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.
മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങളാണ് പ്രദേശത്തിന്റെ വികസനത്തിനു സഹായകമാകുന്ന പ്രധാനപ്പെട്ട ഒരു ഘടകമെന്ന് ജയചന്ദ്രൻ ഉദ്ഘാടനപ്രസംഗത്തിൽ ചൂണ്ടികാട്ടി. പക്ഷേ തിരുമുക്കിൽ അശാസ്ത്രീയമായി നിർമ്മിച്ചിരിക്കുന്ന അടിപ്പാത ചാത്തന്നൂരിനെ വികസന മുരടിപ്പിലേക്ക് നയിക്കുകയാണ് ചെയ്യുകയെന്നു് അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യാപാരി വ്യവസായി സമിതി ചാത്തന്നൂർ ഏരിയാ സെക്രട്ടറി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സമരസമിതി ജനറൽ കൺവീനർ കെ.കെ.നിസാർ,
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മലാ വർഗീസ്, ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ , കൺവീനർ ജി.പി.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. പരവൂർക്കാർ കൂട്ടായ്മ കൺവീനർ സന്തോഷ് പാറയിൽക്കാവ് സ്വാഗതവും ചാക്കോ ജോൺ നന്ദിയും രേഖപ്പെടുത്തി.
സത്യഗ്രഹ സമരത്തിന്റെ ഇരുപത്തി എട്ടാം ദിവസമായ ഇന്നു ബിജെപിസഹകരണ സെൽ ജില്ലാ കൺവീനർ എസ്.വി.അനിത്ത് കുമാർ, ഗ്രാമ പഞ്ചായത്തംഗം മീരാ ഉണ്ണി, ബിജെപി ജില്ലാ കമ്മിറ്റിയംഗം ശ്രീകുമാർ എന്നിവർ സത്യഗ്രഹമനുഷ്ടിക്കും.
കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്.പ്രശാന്ത് സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മേഖലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ സമാപന യോഗം ഉദ്ഘാടനം ചെയ്യും. ബിജെപി ചാത്തന്നൂർ പഞ്ചായത്ത് സമിതി നേതൃത്വത്തിലാണ് റിലേസത്യഗ്രഹം നടക്കുന്നത്.