ബാങ്ക് ജീവനക്കാരിയെ മർദിച്ച കേസ്: പ്രതി റിമാൻഡിൽ
1599908
Wednesday, October 15, 2025 6:03 AM IST
കൊട്ടിയം: ബാങ്കിൽ നിന്നും വായ്പ എടുത്ത തുകയുടെ തിരിച്ചടവ് മുടങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ ബാങ്ക് ഉദ്യോഗസ്ഥയ്ക്കു മർദനം.
കണ്ണനല്ലൂർ എസ്ബിഐയിലെ ജീവനക്കാരി ഇളമ്പള്ളൂർ സ്വദേശിനി ആൽഫിയക്കാണ് മർദനമേറ്റത്. ആൽഫിയായെ ആക്രമിച്ച മുഖത്തല കല്ലയം വെളിവിള വീട്ടിൽ സന്ദീപ് ലാലിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. സന്ദീപിന്റെ പിതാവ് എസ് ബി ഐ യുടെ കണ്ണനല്ലൂർ ശാഖയിൽ നിന്നും ലോൺ എടുത്തിരുന്നു.
തിരിച്ചടവ് നിരവധി തവണ മുടങ്ങിയതോടെയാണ് ഇതേക്കുറിച്ച് അന്വേഷിക്കാൻ ബാങ്ക് ജീവനക്കാരി എത്തിയത്.ഈ സമയം സന്ദീപിന്റെ പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല.
എന്ത് കൊണ്ടാണ് ബാങ്ക് തിരിച്ചടവ് മുടങ്ങിയത് എന്ന് ആൽഫിയ ഇയാളോട് ചോദിച്ചതോടെ മദ്യപിച്ച്ഇരിക്കുകയായിരുന്ന ഇയാൾ ആൽഫിയയോട് കയർത്ത് സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയും തിരികെ ഓട്ടോയിൽ പോകാൻ ശ്രമിച്ച ആൽഫിയെ ഇയാൾ പിന്നാലെയെത്തി ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനമേറ്റ ആൽഫിയ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. തുടർന്ന് ആൽഫിയയുടെ പരാതിയിൽ കൊട്ടിയം ഇൻസ്പെക്ടർ പി. പ്രദീപ്, എസ്ഐ നിതിൻ നളൻ എന്നിവർ അടങ്ങിയ സംഘം പ്രതിയെ പിടികൂടി. തുടർന്ന് വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.