നാല് മണിക്കൂർ കിണറ്റിൽ കിടന്ന വയോധികയെ രക്ഷപ്പെടുത്തി
1566574
Thursday, June 12, 2025 3:46 AM IST
കൊടുമൺ: കിണറ്റിൽ വീണ വയോധികയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. നാല് മണിക്കൂറോളം കിണറ്റിൽ മോട്ടോർ പൈപ്പിൽ പിടിച്ചു കിടന്ന എൺപത്തേഴുകാരിയെ അടൂരിൽ നിന്നും അഗ്നി രക്ഷാ സേന എത്തിയാണ് ബുധനാഴ്ച പുലർച്ചെ രക്ഷപ്പെടുത്തിയത്.
തട്ട മാമ്മുട് കുടമുക്ക് വേലംപറമ്പിൽ ശാന്ത (87) യെയാണ് രക്ഷപ്പെടുത്തിയത്. വീട്ടിലെ തന്നെ ആൾമറ ഇല്ലാത്ത കിണറ്റിലാണ് രാത്രിയിൽ വീണത്. ഏകദേശം 30 അടി താഴ്ചയും 15 അടി വെള്ളം ഉള്ളതുമായ കിണറ്റിൽ മോട്ടോറിന്റെ പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്നു.
കതകു തുറന്നു കിടക്കുന്നതു കണ്ടു വീട്ടുകാർ മുറി പരിശോധിച്ചപ്പോൾ ശാന്തയെ കണ്ടില്ല.
പുറത്തു നടത്തിയ പരിശോധനയിലാണ് കിണറ്റിൽ വീണു കിടക്കുന്നതു കണ്ടത്. അടൂർ നിന്നും സീനിയർ റെസ്ക്യൂ ഓഫീസർ അജിഖാൻ യൂസുഫിന്റെ നേതൃത്വത്തിൽ എത്തിയ റെസ്ക്യൂ ടീം കിണറ്റിൽ ഇറങ്ങി നെറ്റ് ഉപയോഗിച്ച് ശാന്തയെ പുറത്തെത്തിച്ച് ആശുപത്രിയിലേക്കു മാറ്റി.