പമ്പയാറ്റില്നിന്നു മണല്‍ കടത്താന്‍ ശ്രമം: നാലു പേര് അറസ്റ്റില്‍
1567092
Saturday, June 14, 2025 3:53 AM IST
റാന്നി-പെരുനാട്: പമ്പ മൂലക്കയം കിഴക്കേകടവില്നിന്ന് അനധികൃതമായി ആറ്റുമണല്‍ കടത്താന്‍ ശ്രമിച്ച നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി തുലാപ്പള്ളി ഈട്ടിക്കല്‍ വീട്ടില്‍ സന്ദീപ് സുധാകരന് (33), പാറക്കല്‍ ഗിരീഷ് കുമാര്‍ (45), കണമല വര്‍ക്കില്‍ അരിപ്പറമ്പില്‍ വീട്ടില്‍ ബിജു ജോര്‍ജ്(50), കൊല്ലമുള ഐത്തലപ്പടി ചരിവുകാലയില്‍ വീട്ടില്‍ അഷറഫ് (23) എന്നിവരാണ് അറസ്റ്റിലായത്.
ആറ്റുമണല്‍ കയറ്റിയ നിലയില്‍ രണ്ടു ടിപ്പറുകളും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് പോലീസ് നടപടി. ടിപ്പറുകള്‍ ജിയോളജിക്കല്‍ വകുപ്പിന് വിട്ടുകൊടുത്തു. പമ്പ സ്റ്റേഷനില്‍നിന്നും 35 കിലോമീറ്ററോളം അകലെയുള്ള പ്രദേശമായ മൂലക്കയം കിഴക്കേക്കടവില്നിന്നും പോലീസ് വളരെ ശ്രമകരമായാണ് മണല്‍ കടത്ത് പിടിച്ചത്.
വനത്തിനുള്ളില്‍ രാത്രി ഒളിച്ചിരുന്ന പോലീസ് സംഘം സാഹസികമായാണ് രഹസ്യവിവരത്തിന്റെയും പരാതിയുടെയും അടിസ്ഥാനത്തില്‍ അനധികൃത മണല്‍ കടത്തുവാഹനങ്ങള്‍ പിടികൂടുന്നത്. മൂന്ന് മാസത്തിനുള്ളില്‍ നാല് ടിപ്പറുകള്‍ പിടികൂടുകയും പത്തോളം ആളുകള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.
റാന്നി ഡിവൈഎസ്പി ആര്. ജയരാജിന്റെ മേല്‍നോട്ടത്തില്‍ പമ്പ എസ്എച്ച്ഒ സി.കെ. മനോജ്, എസ്ഐമാരായ കെ.വി. സജി, ബിജുമോന് തുടങ്ങിയവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.