കുടുംബശ്രീ-വിജ്ഞാനകേരളം പദ്ധതിക്കു തുടക്കമായി
1567108
Saturday, June 14, 2025 4:14 AM IST
പത്തനംതിട്ട: ജില്ലയിലെ പ്രാദേശിക തൊഴിലവസരങ്ങളിൽ താത്പര്യമുള്ള തൊഴിലന്വേഷകർക്ക് രജിസ്റ്റർ ചെയ്യാനും അപേക്ഷിക്കാനും അവസരം ഒരുക്കുന്ന ഹയർ ദി ബെസ്റ്റ് പദ്ധതിക്കു തുടക്കമായി. കുടുംബശ്രീയും വിജ്ഞാനകേരളവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലെ ആദ്യ തൊഴിൽമേള പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഇലന്തൂർ, റാന്നി ബ്ലോക്കുകൾ, പത്തനംതിട്ട നഗരസഭാ പ്രദേശങ്ങളിലെ 24 തൊഴിൽദാതാക്കൾ മേളയിൽ പങ്കെടുത്തു. 82 പേർക്ക് തൊഴിൽ ലഭിച്ചു. അടൂർ, തിരുവല്ല എന്നിവിടങ്ങളിലും ഈ മാസം തൊഴിൽമേള സംഘടിപ്പിക്കും.
കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് അധ്യക്ഷത വഹിച്ചു. വിജ്ഞാനകേരളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ബി. ഹരികുമാർ പദ്ധതി വിശദീകരണം നടത്തി.
കുടുംബശ്രീ ജില്ലാ മിഷൻ കോ -ഓർഡിനേറ്റേർ എസ്. ആദില, ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ അജിത് കുമാർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, പ്രഫ. വിവേക് ജേക്കബ് ഏബ്രഹാം, എ. ശ്രീകാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.