തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടയ്ക്കണം: കർഷക ഫെഡറേഷൻ
1245407
Saturday, December 3, 2022 11:07 PM IST
ആലപ്പുഴ: വൃശ്ചിക വേലിയേറ്റത്തത്തുടർന്ന് കുട്ടനാട്ടിലെ ജലവിതാനം ക്രമാതീതമായി ഉയർന്നു വരികയാണ്. ഇതുമൂലം മടവീഴ്ചയും വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടിയന്തരമായി 15നു മുന്പ് താഴ്ത്താനുള്ള നടപടികൾ സ്വീകരിക്കുന്നതു സംബന്ധിച്ച് തീരുമാനിക്കണമെന്ന് കേരള സംസ്ഥാന നെല്ല്-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ 15 ന് അടയ്ക്കും എന്ന ഉന്നതതല യോഗ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഷട്ടർ താഴ്ത്തുന്നത് അന്നു വരെ നീട്ടിവച്ചാൽ സമ്പൂർണ മടവീഴ്ചയായിരിക്കും ഫലമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പ്രശ്നങ്ങളുടെ ഗൗരവം മനസിലാക്കി അടിയന്തരമായി പരിഹാരം കണ്ടെത്താൻ തയാറാകണമെന്ന് ആവശ്യപ്പെട്ട് കൃഷി, ഇറിഗേഷൻ വകുപ്പ് മന്ത്രിമാർക്ക് ഇ-മെയിൽ സന്ദേശങ്ങൾ അയച്ചതായി പ്രസിഡന്റ് ബേബി പാറക്കാടനും വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരിയും പറഞ്ഞു.