നഗരസഭാ പരിധിയിലെ തെരുവുവിളക്കുകള്‍ പ്രകാശിക്കാതായിട്ട് മാസങ്ങള്‍
1459314
Sunday, October 6, 2024 6:16 AM IST
കോട്ടയം: നഗരസഭാ പരിധിയിലെ തെരുവുവിളക്കുകള്‍ പ്രകാശിക്കാതായിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതര്‍. നഗരസഭയുടെ പരിധിയില്‍ വരുന്ന കെകെ റോഡ്, എംസി റോഡ്, എംഎല് റോഡ്, ടിബി റോഡ് തുടങ്ങി പ്രധാനനിരത്തുകളെല്ലാം ഇരുട്ടിലാണ്. രാത്രികാലങ്ങളില്‍ കാല്‍നടയാത്രകാര്‍ക്കും ഇരുചക്ര വാഹന യാത്രികര്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
നഗരത്തിന്റെ ഹൃദയഭാഗമായ ശാസ്ത്രി റോഡില്‍നിന്നു ലോഗോസിലേക്കു പോകുന്ന വഴിയിലും സ്ഥിതി സമാനമാണ്. രാത്രികാലങ്ങളില്‍ ജോലികഴിഞ്ഞു താമസസ്ഥലത്തേക്കു മടങ്ങുന്ന കാല്നടയാത്രികാര്ക്കു ഭയംകൂടാതെ പോകാനാകാത്ത സാഹചര്യമാണ്.
കോട്ടയം നഗരത്തിലെ പ്രധാനഭാഗങ്ങളിലെ തെരുവുവിളക്കുകളും പ്രകാശിക്കാത്ത അവസ്ഥയാണ് നിലവില്‍. ഇതു മറയാക്കി രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വഴിയില്‍ കിടന്നാളുകള് അസഭ്യവര്‍ഷം നടത്തുന്നതും തമ്മിലടിക്കുന്നതും നഗരത്തിലെ നിത്യകാഴ്ചയാണ്. ഇത്തരമാളുകള്‍ വാഹനത്തിനു മുന്പിലേക്കു പലപ്പോഴും ചാടുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു.
ഇരുട്ടിന്റെ മറവില്‍ ജില്ലയില്‍ കള്ളന്മാരുടെ ശല്യവും വര്‍ധിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. എംഎല് റോഡിലേയും കെകെ റോഡിലേയും തെരുവ് വിളക്കുകള്‍ രാത്രി കാലങ്ങളില്‍ മോഷ്ടാക്കള്‍ക്ക് സഹായകമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ടൗണിലെ എട്ട് കടകളില്‍ രാത്രിയില്‍ ഒരേസമയം മോഷണങ്ങള്‍ നടന്നിരുന്നു.
നിലവിലെ പ്രശനങ്ങള്‍ക്കു താത്കാലിക പരിഹാരം കാണണമെന്നാണു വ്യാപാരികളും നാട്ടുകാരും പറയുന്നത്.