പഞ്ചായത്തുകളിൽ വികസനസദസ്
1600891
Sunday, October 19, 2025 5:52 AM IST
ഇടമറ്റം: മീനച്ചില്‍ പഞ്ചായത്ത് വികസനസദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളില്‍ നടന്ന സദസില്‍ പ്രസിഡന്റ് സോജന് തൊടുക അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, മുന്‍ പ്രസിഡന്റ് ജോയി കുഴിപ്പാല, സെക്രട്ടറി പി.ആര്. സീന, വൈസ് പ്രസിഡന്റ് ലിന്‍സി മാര്ട്ടിന്, അംഗങ്ങളായ ടി.ബി. ബിജു, ഇന്ദു പ്രകാശ്, പി.വി. വിഷ്ണു, സിഡിഎസ് ചെയര്‍പേഴ്സണ്‍ ശ്രീലത ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു. മന്ത്രിമാരായ എം.ബി. രാജേഷ്, വി.എന്‍. വാസവന് എന്നിവരുടെ സന്ദേശങ്ങള്‍ യോഗത്തില്‍ വായിച്ചു.
കൊഴുവനാല്‍: കൊഴുവനാൽ പഞ്ചായത്ത് വികസനസദസ് ഉദ്ഘാടനവും ആയുര്‍വേദ സബ് സെന്റര്‍ സമര്‍പ്പണവും നടന്നു. സെന്റ് ജോണ്‍ നെപുംസ്യാന്‍സ് ഫൊറോന പള്ളി പാരിഷ് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് ഗുണഭോക്തൃ സംഗമവും താക്കോല്‍ദാനവും ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോര്‍ജ് നിര്‍വഹിച്ചു.
പഞ്ചായത്തിന്റെ 2021-25 വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ പ്രകാശനം ചെയ്തു. 75 വയസിന് മുകളിലുള്ള തൊഴിലുറപ്പ് തൊഴിലാളികളെയും ഹരിതകര്‍മസേനാംഗങ്ങള്‍, ആശാ പ്രവര്‍ത്തര്‍ എന്നിവരെയും ആദരിച്ചു.