പായിപ്പാടിന്റെ ചാൽ ഇനി എങ്ങോട്ട് ?
1601000
Sunday, October 19, 2025 7:12 AM IST
ചങ്ങനാശേരി: തൃക്കൊടിത്താനം, കവിയൂര്‍, മുട്ടാര്‍ പഞ്ചായത്തുകളുടെയും ചങ്ങനാശേരി നഗരത്തിന്റെയും മധ്യത്തിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിരുകള്‍ പങ്കിട്ട് സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് പായിപ്പാട്. ഈ പഞ്ചായത്തിന്റെ ഒന്ന്, 16 വാര്‍ഡുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളാണ്.
ളായിക്കാട് 15-ാംവാര്‍ഡ് (പുതിയ-16) വെള്ളക്കെട്ട് നേരിടുന്ന പ്രദേശമാണ്. കാര്യമായൊരു മഴ പെയ്താല്‍ 16-ാം വാര്‍ഡിലെ പൂവം, പെരുമ്പുഴക്കടവ്, നക്രാല്‍, അറുനൂറില്‍ പുതുവല്‍, അംബേദ്കര്‍ കോളനി, എട്ട്യാകരി തുടങ്ങി ഭാഗങ്ങൾ വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ട് വാര്‍ത്തയാകുന്നതു പതിവാണ്. ഈ ഭാഗത്തേക്കുള്ള റോഡുകളും വെള്ളത്തിലാകും. മഴക്കാലത്ത് മാസങ്ങളോളമാണ് ഇവരുടെ ദുരിതം. പഴയ 16-ാം വാര്‍ഡ് ഇപ്പോള്‍ 17-ാം വാര്‍ഡായി മാറി.
ഇരുപതോളം പാടശേഖരങ്ങളിലായി ആയിരത്തോളം ഹെക്ടര്‍ നെല്‍കൃഷിയാല്‍ സമ്പന്നവും മണിമലയാറും എസി റോഡരികിലുള്ള കനാലും മുട്ടിയുരുമ്മിക്കിടക്കുന്നുവെന്ന സവിശേഷതയും പായിപ്പാടിനുണ്ട്. പെരുന്തുരുത്തി-ഏറ്റുമാനൂര്‍ ബൈപാസും തിരുവല്ല-മല്ലപ്പള്ളി, ചങ്ങനാശേരി- കവിയൂര്‍ റോഡുകളും പായിപ്പാട് പഞ്ചായത്തിനെ കീറിമുറിച്ചാണ് കടന്നുപോകുന്നത്.
ഇതരസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രം
കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ഇതരസംസ്ഥാന തൊഴിലാളികള്‍ ഏറ്റവും അധികം കുടിയേറി താമസിക്കുന്ന പ്രദേശമെന്ന പ്രത്യേകത പായിപ്പാട് കവലയ്ക്കുണ്ട്. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി എണ്ണായിരത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ നൂറോളം ക്യാമ്പുകളിലായി വസിച്ച് വിവിധ സ്ഥലങ്ങളില്‍ ജോലിക്കു പോകുന്നുണ്ട്.
ഒറ്റനോട്ടത്തിൽ
വിസ്തീര്‍ണം: 22.88 ചതുരശ്ര മീറ്റര്‍
ജനസംഖ്യ: 26,500
വീടുകള്‍: 6,400
നിലവിൽ വാര്‍ഡുകള്‍:16
പുനര്‍വിഭജനത്തിൽ: 17
=6, 7, 8 വാര്‍ഡുകള്‍ വിഭജിച്ച് സിഎംഎസ് എല്‍പി സ്കൂള്‍ വാര്‍ഡ് രൂപംകൊണ്ടു.
ഭരണം:
എല്‍ഡിഎഫ് -7 (സിപിഎം-അഞ്ച്, കേരള കോണ്‍. എം-രണ്ട്).
യുഡിഎഫ്-അഞ്ച് (കോണ്‍ഗ്രസ്-രണ്ട്, കേരള കോണ്‍.-രണ്ട്, ലീഗ്-ഒന്ന്).
ബിജെപി: രണ്ട്.
എസ്ഡിപിഐ: ഒന്ന്.
സ്വതന്ത്രന്: ഒന്ന്.
നേട്ടങ്ങള്‍
ലൈഫ് വീടുകള്‍-104.
152 കിടപ്പുരോഗികള്‍ക്ക് ഡോക്ടറും നഴ്സും ഉള്‍പ്പെടുന്ന പാലിയേറ്റീവ് കെയര്‍ സുസജ്ജമാക്കി.
മുഖ്യമന്ത്രിയുടെ ഫണ്ടില്‍നിന്നനുവദിച്ച 65 ലക്ഷം വിനിയോഗിച്ച് മുക്കാഞ്ഞിരം, പഞ്ചായത്ത് ഓഫീസ്- വേഷ്ണാല്‍, കൊല്ലാപുരം-യുപി, പുത്ത്കാവ്-യുപി, റീത്തുപള്ളി-മച്ചിപ്പള്ളി റോഡുകള്‍ നന്നാക്കി.
വനിതാ വികസന കോര്‍പറേഷനില്‍നിന്നും കുടുംബശ്രീകള്‍ക്ക് 3.65 കോടി വായ്പ വിതരണം ചെയ്തു.
ചായ്ക്കാരന്, പള്ളിക്കച്ചിറ കുളങ്ങള്‍ 88 ലക്ഷം മുടക്കി നവീകരിച്ചു. ശുദ്ധജലക്ഷാമത്തിനു പരിഹാരം.
76ലക്ഷം വിനിയോഗിച്ച് പൊതുശ്മശാനം തുറന്നു.
ജലക്ഷാമം രൂക്ഷമായ നക്രാല്‍, പുതുവല്‍ നിവാസികള്‍ക്കായി 23 ലക്ഷം മുടക്കി ശുദ്ധജല പദ്ധതി പൂര്‍ത്തിയാക്കി.
ഏഴാംവാര്ഡില് 22 ലക്ഷം മുടക്കി കലുങ്ക് നിര്‍മിച്ച് ഏഴു കുടുംബങ്ങളുടെ യാത്ര സുഗമമാക്കി.
ആറാം വാര്‍ഡില്‍ സ്വകാര്യവ്യക്തി നല്കിയ മൂന്നു സെന്റ് സ്ഥലത്ത് അങ്കണവാടിക്കെട്ടിടം നിര്‍മിച്ചു.
നാലാം വാര്‍ഡില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തോടു ചേര്‍ന്ന് വനിതാ ഫിറ്റ്നസ് സെന്റര്‍.
കെ.ഡി. മോഹനന്
പ്രസിഡന്റ്,
പായിപ്പാട് പഞ്ചായത്ത്
കോട്ടങ്ങള്‍
ജല്‍ജീവന്‍ മിഷന് പൈപ്പ് സ്ഥാപിക്കാന്‍ പഞ്ചായത്തിലെ മുഴുവന്‍ റോഡുകളും പൊളിച്ചെങ്കിലും ഭൂരിഭാഗം റോഡുകളും പൂര്‍വസ്ഥിതിയില്‍ എത്തിച്ചില്ല.
വഴിവിളക്കുകള്‍ തെളിയുന്നില്ല.
ഇരുവശങ്ങളിലും നെല്‍പ്പാടങ്ങളും തോടുകളും നിറഞ്ഞ പൂവം-പെരുമ്പുഴക്കടവ്, നക്രാല്‍ റോഡുകളുടെ വശങ്ങൾ ടൂറിസം പദ്ധതിക്ക് വിനിയോഗിക്കാനായില്ല.
പൂവത്തെ തോടുകളിൽ പോള തിങ്ങിയതിനാല്‍ ഒഴുക്ക് തടസപ്പെട്ട് വെള്ളക്കെട്ടിനു കാരണമാകുന്നു.
വേനല്‍ക്കാലത്ത് വിവിധ വാര്‍ഡുകളില്‍ ശുദ്ധജലക്ഷാമം രൂക്ഷം.
ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം അടിമുടി താളംതെറ്റി.
ഹരിതകര്‍മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് സംഭരിക്കുന്നതിനോ തരംതിരിക്കുന്നതിനോ സ്വന്തമായ സ്ഥലമോ പദ്ധതിയോ ഇല്ല.
പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്താണ് മാലിന്യം നിക്ഷേപിക്കുന്നത്.
യുഡിഎഫ് ഭരണസമിതി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപം നിര്‍മിച്ച വയോജന കേന്ദ്രം ആക്രി സൂക്ഷിക്കുന്ന സ്ഥലമാക്കി.
ജയിംസ് വേഷ്ണാല്‍
യുഡിഎഫ് പാര്‍ലമെന്ററി
പാര്‍ട്ടി ലീഡര്‍, പായിപ്പാട്