ഹൈക്കോടതി നിർദേശം ലംഘിച്ചു : അതിരമ്പുഴ പഞ്ചാ. പ്രസിഡന്റിനും അംഗങ്ങൾക്കും പിഴ
1600985
Sunday, October 19, 2025 6:58 AM IST
അതിരമ്പുഴ: റോഡ് നിർമാണം സംബന്ധിച്ച ഹൈക്കോടതി നിർദേശം ലംഘിച്ച അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റിനും അംഗങ്ങൾക്കും പിഴശിക്ഷ വിധിച്ച് ഹൈക്കോടതി. ഏഴാം വാർഡിൽ തർക്കത്തിലുള്ള റോഡിൽ ചെറിയ അറ്റകുറ്റപ്പണികൾ മാത്രം നടത്താനുള്ള അനുമതി ലംഘിച്ച് റോഡ് ടാർ ചെയ്തതിനാണ് ജസ്റ്റീസ് എസ്. ഈശ്വരൻ പിഴശിക്ഷ വിധിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളവും ഏഴാം വാർഡ് അംഗം ബേബിനാസ് അജാസും 25,000 രൂപ വീതവും മറ്റ് 20 അംഗങ്ങൾ 3,500 രൂപ വീതവുമാണ് പിഴ അടയ്ക്കേണ്ടത്. പിഴത്തുക ഒരാഴ്ചയ്ക്കുള്ളിൽ ലീഗൽ സർവീസസ് അഥോറിറ്റിയിൽ അടയ്ക്കണം. പഞ്ചായത്ത് സെക്രട്ടറി പുതിയ ആളായതിനാൽ ശിക്ഷയിൽനിന്ന് ഒഴിവാക്കി.
ഏഴാം വാർഡിലുള്ള വഴിയുടെ ഉടമസ്ഥതയും ഉപയോഗാവകാശവും സംബന്ധിച്ച തർക്കത്തിൽ ജില്ലാക്കോടതി വിധിക്കുമേൽ അതിരമ്പുഴ പൈനേൽ ബിജോമോൻ തോമസ് അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തത്സ്ഥിതി തുടരാൻ ഹൈക്കോടതി നിർദേശിച്ചു.
പിന്നീട് റോഡ് തകർന്നു കിടക്കുകയാണെന്നും തറയോടു പാകി നവീകരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് അപേക്ഷ സമർപ്പിച്ചു. തറയോടു പാകരുതെന്ന് നിർദേശിച്ച ഹൈക്കോടതി റോഡിന്റെ സ്വഭാവം മാറ്റാത്ത തരത്തിലുള്ള അറ്റകുറ്റപ്പണിക്ക് അനുമതി നൽകി. എന്നാൽ, പഞ്ചായത്ത് എട്ടു ലക്ഷത്തോളം രൂപ ചെലവഴിച്ച് റോഡ് പൂർണമായി ടാർ ചെയ്തു.
ഇതിനെതിരേ ബിജോമോൻ ഹൈക്കോടതിയെ സമീപിച്ചു. നിയമലംഘനം നടന്നോയെന്ന് അറിയുന്നതിന് ഹൈക്കോടതി കമ്മീഷണറെ നിയോഗിച്ചു. റോഡ് പൂർണമായി ടാർ ചെയ്തെന്ന് കമ്മീഷണർ റിപ്പോർട്ട് നൽകിയതോടെയാണ് കോടതിയെ അനുസരിക്കാതിരുന്നതിന് പഞ്ചായത്ത് പ്രസിഡന്റിനും അംഗങ്ങൾക്കും പിഴ ചുമത്തിയത്.
കേസിൽ അന്തിമവിധി പരാതിക്കാരന് അനുകൂലമാകുകയാണെങ്കിൽ റോഡ് ടാർ ചെയ്യുന്നതിന് പഞ്ചായത്ത് ഫണ്ടിൽനിന്ന് ചെലവഴിച്ച തുക പഞ്ചായത്ത് അംഗങ്ങളിൽനിന്ന് തുല്യമായി സർക്കാരിന് തിരിച്ചുപിടിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നുണ്ട്. കേസ് വീണ്ടും 24ന് പരിഗണിക്കും.