അവകാശ സംരക്ഷണ യാത്രയ്ക്ക് കോട്ടയത്ത് സ്വീകരണം
1600988
Sunday, October 19, 2025 6:58 AM IST
കോട്ടയം: “നീതി ഔദാര്യമല്ല, അവകാശമാണ്’’ എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്‍ഗ്രസ് കാസര്‍കോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന അവകാശ സംരക്ഷണയാത്രയ്ക്കു 22നു രാവിലെ 10.30 ന് കോട്ടയത്ത് എത്തുമ്പോള്‍ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കോട്ടയം അതിരൂപതാ സമിതിയുടെയും ചങ്ങനാശേരി അതിരൂപത കോട്ടയം, കുടമാളൂര്‍ ഫൊറോനാ സമിതികളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
ഏറ്റുമാനൂരിൽനിന്നു ബേക്കര്‍ ജംഗ്ഷന്‍വഴി ഗാന്ധി പ്രതിമയ്ക്കു സമീപം എത്തുമ്പോള്‍ യാത്രയെ സ്വീകരിച്ചാനയിച്ച് സമ്മേളനവേദിയായ തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനത്ത് എത്തിക്കും. സ്വീകരണ സമ്മേളനം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി ഉദ്ഘാടനം ചെയ്യും.
സ്വീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത പ്രസിഡന്റ് പി.എ. ബാബു ഉദ്ഘാടനം ചെയ്തു. ബേബി മുളവേലിപ്പുറം, ബിനു ചെങ്ങളം, കുഞ്ഞ് കളപ്പുര, സെബാസ്റ്റ്യന്‍ പുല്ലാട്ടുകാലാ, തോമസ് പീടിയേക്കല്‍, ബിനോയി ഇടയാടി, ഷെയിന്‍ ജോസഫ്, സാലിച്ചന് തുമ്പേക്കളം, പി.ജെ. ജോസ്, തോമസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വാഗതസംഘം ജനറല്‍ കോ-ഓര്‍ഡിനേറ്ററായി തോമസ് പീടിയേക്കല്‍, ജോയിന്റ് കണ്‍വീനര്‍മാരായി ഷെയിന്‍ ജോസഫ്, ബിനു ചെങ്ങളം, ബിനോയ് ഇടയാടി, കുഞ്ഞ് കളപ്പുര എന്നിവരെ തെരഞ്ഞെടുത്തു.