വെര്‍ച്വല്‍ അറസ്റ്റിലൂടെ 25 ലക്ഷം തട്ടാനുള്ള ശ്രമം പൊളിച്ച് പോലീസ്
1600898
Sunday, October 19, 2025 5:53 AM IST
കോട്ടയം: വെര്‍ച്വല്‍ അറസ്റ്റിലൂടെ 25 ലക്ഷം തട്ടാനുള്ള ശ്രമം പൊളിച്ച് ജില്ലാ സൈബര്‍ പോലീസ്. മാങ്ങാനം സ്വദേശിനിയുടെ 25 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള സൈബര്‍ തട്ടിപ്പുകാരുടെ ശ്രമമാണ് ജില്ലാ പോലീസ് ചീഫിന്റെയും സൈബര്‍ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസറുടെയും ബാങ്കിന്റെയും സമയോചിതമായ ഇടപെടലിലൂടെ തടയാന്‍ സാധിച്ചത്.
75 വയസുള്ള വയോധികയുടെ ഫോണിലേക്ക് ഇക്കഴിഞ്ഞ 15 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് സന്ദേശമെത്തിയത്. ഇവരുടെ ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്ന പണം രാജ്യവിരുദ്ധ ഇടപാടുകള്‍ക്ക് ഉപയോഗിക്കുകയാണെന്നും മുംബൈയിലെ കൊളാബ പോലീസ് സ്റ്റേഷനിലെ ഓഫീസര്‍മാരാണെന്ന പേരിലാണ് സന്ദേശമെത്തിയത്.
വാട്സാപ്പിലൂടെയാണ് തട്ടിപ്പുസംഘം ഇവരെ വെര്‍ച്വല്‍ അറസ്റ്റ് ചെയ്തെന്ന് പറഞ്ഞ് കബളിപ്പിച്ചത്. തുടര്‍ന്ന് എത്രയും വേഗം കൊളാബ പോലീസ് സ്റ്റേഷനില്‍ എത്താത്തപക്ഷം അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമെന്നും സംഘം പറഞ്ഞു. അറസ്റ്റ് ചെയ്യാതിരിക്കണമെങ്കില്‍ 25 ലക്ഷം രൂപ കെട്ടിവയ് ക്കണമെന്നും കേസ് കഴിയുമ്പോള്‍ ഈ തുക തിരികെ ലഭിക്കുമെന്നും സന്ദേശത്തില്‍ വ്യക്തമാക്കി.
തുടര്‍ന്ന് വയോധിക 1.75 ലക്ഷം രൂപ ഓണ്‍ലൈനായി കൈമാറി. ബാക്കി തുക അയച്ചു നല്‍കുന്നതിന് കഞ്ഞിക്കുഴി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എത്തിയപ്പോള്‍ ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയമാണ് കേസില്‍ വഴിത്തിരിവായത്. ഉടന്‍തന്നെ മാനേജര്‍ കോട്ടയം സൈബര്‍ പോലീസില്‍ വിളിച്ചറിയിക്കുകയും ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശപ്രകാരം സൈബര്‍ പോലീസ് സംഘം ബാങ്കിലെത്തി വയോധികയെസ്റ്റേഷനിലെത്തിച്ച് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി കൂടുതല്‍ തുക കൈമാറാനുള്ളശ്രമത്തില്നിന്നു രക്ഷപ്പെടുത്തുകയായിരുന്നു. നഷ്ടമായ 1.75 ലക്ഷം രൂപ തിരികെ ലഭിക്കുന്നതിനായി പരാതി നല്‍കിയിട്ടുണ്ട്.
തട്ടിപ്പിന് ഇരയായാൽ
വെര്‍ച്വല്‍ അറസ്റ്റ് പോലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ ഉടന്‍തന്നെ 1930 എന്ന ടോള്‍ ഫ്രീ നമ്പരിലോ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ നേരിട്ടോ പരാതി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ പോലീസ് ചീഫ് അറിയിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം ഇത്തരം തട്ടിപ്പുകള്‍ സജീവമാകുകയാണെന്നും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ പോലീസ് ചീഫ് ഷാഹുല്‍ ഹമീദ് വ്യക്തമാക്കി.