അവകാശസംരക്ഷണ യാത്ര 22ന് ചങ്ങനാശേരി അതിരൂപതയില്‍
1601001
Sunday, October 19, 2025 7:12 AM IST
ചങ്ങനാശേരി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്, നീതി ഔദാര്യമല്ല അവകാശമാണ് എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി 13ന് കാസര്‍ഗോഡുനിന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അവകാശസംരക്ഷണ യാത്രയ്ക്ക് 22ന് ചങ്ങനാശേരി അതിരൂപതയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.
രാവിലെ 8.45ന് പാലായില്‍നിന്ന് ഏറ്റുമാനൂരില്‍ എത്തിച്ചേരുന്ന അവകാശ സംരക്ഷണ യാത്രയെ പാലാ റോഡില്‍നിന്ന് സ്വീകരിച്ച് ഏറ്റുമാനൂര്‍ ജംഗ്ഷനിലെ സമ്മേളന വേദിയിലേക്ക് ആനയിക്കും. അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ ഏറ്റുമാനൂരില്‍ ആരംഭിച്ച് തുടര്‍ന്ന് അതിരൂപതയുടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന സ്വീകരണ സമ്മേളനങ്ങളില്‍ അധ്യക്ഷത വഹിക്കും.
യോഗങ്ങളില്‍ അതിരൂപതാ ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട്, ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്ക് എന്നിവര്‍ പ്രസംഗിക്കും. ഏറ്റുമാനൂരില്‍ നടക്കുന്ന അതിരൂപതയുടെ പ്രഥമ സ്വീകരണ സമ്മേളനം അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്യും. ഫൊറോനാ വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് മുഖ്യസന്ദേശം നല്‍കും.
10.45ന് കോട്ടയത്ത് എത്തിച്ചേരുന്ന യാത്രയെ കോട്ടയം, ചങ്ങനാശേരി അതിരൂപതാ സമിതികളുടെ നേതൃത്വത്തില്‍ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍നിന്ന് സ്വീകരിച്ച് തിരുനക്കര പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് മൈതാനത്തേക്ക് ആനയിക്കും.
ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് കോട്ടയം അതിരൂപത പ്രസിഡന്റ് ബാബു പറമ്പത്തുമലയിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത ചാപ്ലിന് ഫാ. തോമസ് ആനിമൂട്ടില്‍ മാര്‍ഗനിര്‍ദേശ പ്രസംഗം നടത്തും.
12.15ന് കുമരകം ചന്തക്കവലയില്‍ കുടമാളൂര്‍ ഫൊറോന പ്രസിഡന്റ് ഷെയിന്‍ ജോസഫ് ജാഥ ക്യാപ്റ്റനെ ഹാരമണിയിക്കും. ഉച്ചകഴിഞ്ഞ് 2.30ന് കൈതവന ജംഗ്ഷനില്‍ ജാഥ ക്യാപ്റ്റനെ സ്വീകരിക്കും. ഉച്ചകഴിഞ്ഞ് 3.45ന് രാമങ്കരി ജംഗ്ഷനില്‍ ജാഥയെ സ്വീകരിക്കും.
വൈകുന്നേരം 4.45ന് ചങ്ങനാശേരിയില്‍ എത്തിച്ചേരുന്ന അവകാശ സംരക്ഷണ യാത്രയെ അതിരൂപതയിലെ ചങ്ങനാശേരി, തുരുത്തി, തൃക്കൊടിത്താനം, കുറുമ്പനാടം, നെടുംകുന്നം, മണിമല ഫൊറോനാ സമിതികളുടെ നേതൃത്വത്തില്‍ ധന്യ തിയറ്ററിനു മുമ്പില്‍നിന്ന് സ്വീകരിച്ച് സമ്മേളന വേദിയായ പെരുന്ന ബസ്സ്റ്റാന്‍ഡിനു മുമ്പില്‍ ക്രമീകരിച്ചിരിക്കുന്ന സ്വീകരണ സമ്മേളന നഗറിയിലേക്ക് ആനയിക്കും.
സമാപന സമ്മേളനം ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. ജാഥാ ക്യാപ്റ്റനും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റുമായ പ്രഫ.രാജീവ് കൊച്ചുപറമ്പില്‍ വിഷയാവതരണ പ്രസംഗം നടത്തും.