ശനിയാഴ്ച മാന്താടി ഉണർന്നത് ഞെട്ടലോടെ
1600986
Sunday, October 19, 2025 6:58 AM IST
കിടങ്ങൂര്‍: കിടങ്ങൂര്‍ മാന്താടി ഗ്രാമം ഇന്നലെ ഉണര്‍ന്നത് കൊലപാതക കഥ കേട്ടാണ്. കിടപ്പുരോഗിയായ കിടങ്ങൂര്‍ സൗത്ത് മാന്താടി ഏലക്കോട് രമണിയുടെ (70) കൊലപാതകമാണ് നാടിനെ ഞെട്ടിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.
ഏറെക്കാലമായി കിടപ്പുരോഗിയായിരുന്ന ഭാര്യയുടെ രോഗാവസ്ഥയില്‍ മനംനൊന്താണ് കൊലപാതകം നടത്തിയതെന്ന് ഭര്‍ത്താവ് സോമന് (74) പോലീസിനോടു പറഞ്ഞു. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഇളയമകന് ശ്രീകുമാറിനെ കൊലപ്പെടുത്താനും സോമൻ ശ്രമം നടത്തി. ഇരുവരെയും കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു സോമന്റെ പദ്ധതി. ഭിന്നശേഷിക്കാരനായ മകനെ മറ്റാരും നോക്കില്ലെന്നു കരുതിയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നു സോമന് പറഞ്ഞു.
എന്നാല്‍ ശ്രീകുമാര്‍ ബഹളം വച്ചതോടെ മൂത്തമകന് സുനീത് ഉണർന്ന് പിതാവിന്റെ കൈ തട്ടിമാറ്റി അനുജനെ രക്ഷപ്പെടുത്തി. തുടര്‍ന്ന് കൊലപാതകവിവരം നാട്ടുകാരെയും ബന്ധപ്പെട്ടവരെയും അറിയിച്ചു.
ഭാര്യയുടെ രോഗാവസ്ഥ സോമനിൽ കടുത്ത മാനസിക സമ്മര്‍ദം ഉണ്ടാക്കിയിരുന്നു. വെള്ളിയാഴ്ച നാട്ടുകാരോടു സംസാരിച്ചത് ഭാര്യയുടെ വിഷമതകളെക്കുറിച്ചാണ്. രമണിയുടെ വേദന കണ്ണുനിറയ്ക്കുന്നതായും അയല്‍ക്കാരനോട് പറഞ്ഞിരുന്നു. മേസ്തിരി പണിക്കാരനായ സോമന് ഏറെ നാളായി ജോലിക്കു പോകാനും കഴിഞ്ഞിരുന്നില്ല. ഇളയ മകനെയും ഭാര്യയെയും ശുശ്രൂഷിച്ചിരുന്നതും ഭക്ഷണം പാകം ചെയ്തിരുന്നതും സോമനായിരുന്നു.
സംഭവമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാര്‍ക്കും പോലീസിനും മുന്നില്‍ നിസംഗനായി ഇരിക്കുകയായിരുന്നു സോമന്.