പകര്‍ച്ചവ്യാധികള്‍ പടരുന്നു: ആരോഗ്യ ജാഗ്രതാ സെമിനാര്‍ നടത്തി
1565355
Friday, June 6, 2025 11:39 PM IST
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന ഏഴു പഞ്ചായത്തുകളില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബ്ലോക്ക്തല ആരോഗ്യ സെമിനാര്‍ നടത്തി. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, മലേറിയ, കോവിഡ്, പകര്‍ച്ചപ്പനി തുടങ്ങിയ രോഗങ്ങൾ ക്രമാതീതമായി വർധിക്കുകയാണ്.
എരുമേലി, മുണ്ടക്കയം, പാറത്തോട് പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മണിമല, കോരുത്തോട് പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നുണ്ട്. ഡെങ്കിപ്പനി പടരുന്ന മേഖലകളില്‍ ഈഡിസ് കൊതുകുകളെ നശിപ്പിക്കുവാന്‍ ചുറ്റുമുളള വീടുകളിലും ഇന്‍ഡോര്‍ സ്പേസ് സ്പ്രേയിംഗ് നടത്താനും ആയിരം ജനസംഖ്യയില്‍ മൂന്നു പേര്‍ക്ക് ഡെങ്കിപ്പനിയുടെ രോഗബാധ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോഗിംഗ് നടത്താനും തീരുമാനിച്ചു.
ഓടകളിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കുകയും ഓടകളില്‍ സ്പ്രേയിംഗ് നടത്തി കൊതുക് നശീകരണം പ്രാവര്‍ത്തികമാക്കാനും പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്കി. മഞ്ഞപ്പിത്തം വ്യാപകമായ സ്ഥലങ്ങളില്‍ രോഗാതുരത കുറയുന്നതുവരെ സൂപ്പര്‍ ക്ലോറിനേഷന് നടത്താനും പഞ്ചായത്തുകളിലെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും തീരുമാനിച്ചു.
മഴക്കാലം നേരത്തേയായതും സാമൂഹിക ശുചിത്വമില്ലായ്മയുമാണ് രോഗവര്‍ധനവിന് കാരണമാക്കിയതെന്ന് ബ്ലോക്ക് എപ്പിഡമോളജിസ്റ്റ് ഡോ. ജിനി പറഞ്ഞു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ സിറിള്‍ തോമസ്, ജാന്‍സി സാബു, രേഖാദാസ്, സുമി ഇസ്മായില്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ടി.ജെ. മോഹനന്, ഷക്കീല നസീര്‍, ടി.എസ്. കൃഷ്ണകുമാര്‍, പി.കെ. പ്രദീപ്, ജോഷി മംഗലം, ഡാനി ജോസ്, പഞ്ചായത്ത് മെംബര്‍മാരായ ബിജു ചക്കാല, അനിറ്റ ജോസ്, ഷീലമ്മ ഡൊമിനിക്, സുലോചന സുരേഷ്, ഷിജി ഷാജി, റോസമ്മ ജോണ്‍, സുനി വര്‍ഗീസ്, മിനി മാത്യു, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവർ പ്രസംഗിച്ചു.