തെക്കുംതല-കിഴക്കടമ്പ് റോഡില്‍ ഇനി സുഖയാത്ര
1565577
Saturday, June 7, 2025 7:20 AM IST
കാഞ്ഞിരമറ്റം: അകലക്കുന്നം പഞ്ചായത്ത് തെക്കുംതല വാര്‍ഡില്‍പ്പെട്ട തെക്കുംതല-കിഴക്കടമ്പ് റോഡില്‍ ഇനി യാത്ര സുഗമം.
പതിറ്റാണ്ടുകളായി ഗതാഗതയോഗ്യമല്ലാതിരുന്ന ഈ റോഡിന്റെ നവീകരണത്തിന് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 13 ലക്ഷം രൂപയും അകലക്കുന്നം പഞ്ചായത്തിന്റെ ആറു ലക്ഷം രൂപയും ചേര്‍ത്ത് 19 ലക്ഷം രൂപ ഉപയോഗിച്ചാണ് ടാർ ചെയ്തു ഗതാഗതയോഗ്യമാക്കിയത്. 1200 മീറ്റര്‍ നീളത്തില്‍ റോഡ് ടാറിംഗിനും സൈഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനുമാണ് ഫണ്ട് ഉപയോഗിച്ചത്.
തെക്കുംതല കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു പള്ളിക്കത്തോട് ഭാഗത്തേക്കുള്ള എളുപ്പമാര്‍ഗമാണ് ഈ റോഡ്. ഒരു കിലോമീറ്ററിലധികം വരുന്ന റോഡ് പൂര്‍ണമായും തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ക്ക് മറ്റു വഴികളിലൂടെ പോകേണ്ട സാഹചര്യമായിരുന്നു.
റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് മെംബര്‍ സിന്ധു അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി, കെ.ആര്. നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പി.ആര്. ജിജോയി, കാഞ്ഞിരമറ്റം സഹകരണബാങ്ക് പ്രസിഡന്റ് ജോജി ആലയ്ക്കല്‍, ഫിലിപ്പ് വെള്ളാപ്പള്ളി, പഞ്ചായത്ത് മെംബര്‍ രാജശേഖരന് എന്നിവര്‍ പ്രസംഗിച്ചു.