ഒളോക്കരി പാടശേഖരത്തിന്റെ പുറംബണ്ടിൽ കുപ്പിച്ചില്ലുകൾ നിരത്തി വഴിതടഞ്ഞു
1565572
Saturday, June 7, 2025 7:20 AM IST
അയ്മനം: ഒളോക്കരി പാടശേഖരത്തിന്റെ പുറംബണ്ടിൽ കൂടി നടക്കാതിരിക്കാൻ കുപ്പിച്ചില്ലുകൾ വിതറി സാമൂഹിക വിരുദ്ധരുടെ ക്രൂരത. കാലവർഷം തുടങ്ങി റോഡിൽ വെള്ളം പൊങ്ങിയതോടെ കുട്ടികളടക്കമുള്ള പ്രദേശവാസികളുടെ ഏക ആശ്രയമായ പാടത്തിന്റെ പുറം ബണ്ടിലാണ് മനഃപൂർവം കുപ്പിച്ചില്ലുകൾ വിതറിയത്.
കയർ ഭൂവസ്ത്രം വിരിച്ച ഭാഗത്ത് ദ്വാരങ്ങൾ ഉണ്ടാക്കി അതിൽ ഉറപ്പിച്ച രീതിയിലാണ് പല സ്ഥലങ്ങളിലും കുപ്പിച്ചില്ലുകൾ കാണപ്പെടുന്നത്. തങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിച്ച ഒരു കുടുംബത്തിനെതിരേ പ്രദേശ വാസികൾ അയ്മനം പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്.
അയ്മനം പഞ്ചായത്തിന്റെ ഒന്നാം വാർഡിൽപ്പെട്ടതാണ് പാടശേഖരവും പുറം ബണ്ടും. കഴിഞ്ഞ വർഷം ജെസിബി ഉപയോഗിച്ച് കട്ടകുത്തി നിർമിച്ചതാണ് പുറംബണ്ട്. 20 വീട്ടുകാർ ഈ ബണ്ടിലൂടെ വന്ന് കോലടിപ്പാലം കയറിയാണ് ചീപ്പുങ്കലിൽ എത്തുന്നത്.
വെള്ളപ്പൊക്ക സമയങ്ങളിൽ വഴിയിൽ വെള്ളം കയറിക്കിടക്കുമ്പോളാണ് പ്രദേശവാസികളായ നാട്ടുകാരും കുട്ടികളും കാൽനടയാത്രയ്ക്ക് ബണ്ട് ഉപയോഗിക്കുന്നത്. അധികാരികൾ ഇടപെട്ട് കുപ്പിചില്ലുകൾ നീക്കി അപകടമൊഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.