ആം ആദ്മി പാർട്ടി ജനകീയ ഉപരോധസമരം നടത്തി
1574377
Wednesday, July 9, 2025 7:26 AM IST
അതിരമ്പുഴ: മുണ്ടുവേലിപ്പടി-വേദഗിരി-കുറുമള്ളൂർ റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി ജനകീയ ഉപരോധസമരം നടത്തി. നാലു വർഷമായി റോഡ് തകർന്നുകിടക്കുകയാണ്. തോമസ് ചാഴികാടൻ എംപിയായിരുന്നപ്പോൾ പ്രധാനമന്ത്രി ഗ്രാമീണ സധക് യോജന പദ്ധതി പ്രകാരം ഫണ്ട് അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ റോഡ് നിർമാണം സ്തംഭിക്കുകയായിരുന്നു.
ആം ആദ്മി പാർട്ടി തദ്ദേശവാസികളിൽനിന്ന് ഒപ്പുശേഖരിച്ച് സ്ഥലം എംഎൽഎയും മന്ത്രിയുമായ വി.എൻ. വാസവന് നിവേദനം സമർപ്പിച്ചു. എന്നിട്ടും നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഉപരോധസമരം നടത്തിയത്.
റോഡ് നന്നാക്കാനുള്ള നടപടികൾ ആരംഭിച്ചില്ലെങ്കിൽ നിരാഹാരം ഉൾപ്പെടെയുള്ള സമരപരിപാടികളിലേക്ക് ആം ആദ്മി പാർട്ടി നീങ്ങുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
ആം ആദ്മി പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് കുര്യൻ സമരം ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോയി ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.സി. സണ്ണി, നിയോജക മണ്ഡലം സെക്രട്ടറി സജി ഇരുപ്പുമല, ത്രേസ്യാമ്മ അലക്സ്, മിനി ബെന്നി, അതിരമ്പുഴ പഞ്ചായത്ത് അംഗം ജോജോ ആട്ടയിൽ തുടങ്ങിയവർ പ്രസംഗിച്ചു.