നീര്‍നായശല്യം: ആറ്റിലും തോട്ടിലും ഇറങ്ങാന്‍ പേടിച്ച് ജനങ്ങള്‍
1574369
Wednesday, July 9, 2025 7:26 AM IST
നീര്‍നായശല്യം രൂക്ഷം; കുളിക്കാനിറങ്ങിയയാൾക്ക് കടിയേറ്റു
കോട്ടയം: ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ തോടുകളിലും ആറുകളിലും നീര്‍നായകളുടെ ശല്യം രൂക്ഷമായി. മീനച്ചിലാറ്റിലും ഇടത്തോടുകളിലുമാണ് വലിയതോതില്‍ ശല്യം വര്‍ധിച്ചിരിക്കുന്നത്. ആറിന്റെ തീരത്ത് താമസിക്കുന്നവര്‍ ഭീതിയോടെയാണു കഴിയുന്നത്. വിജയപുരം, കുമരകം, അയ്മനം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, കോട്ടയം, താഴത്തങ്ങാടി മേഖലകളിലാണ് നീര്‍നായ ശല്യം രൂക്ഷമായുള്ളത്.
കഴിഞ്ഞ ദിവസം നീര്‍നായ കടിച്ചു കുത്തിവയ്പ് എടുത്തതിനുശേഷം വീട്ടിലെത്തിയ വേളൂര്‍ സ്വദേശിയായ വീട്ടമ്മ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.ഇവരുടെ ബന്ധുവായ മറ്റൊരാളെയും പാണംപടി കടവില്‍വച്ചു നീര്‍നായ കടിച്ചിരുന്നു. ആറ്റില്‍ കുളികഴിഞ്ഞു തലതോര്ത്തുമ്പോഴാണ് പുറകില്നിന്നു നീര്‍നായയുടെ കടിയേറ്റത്. തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജിലെത്തി കുത്തിവയ്പെടുത്തു മടങ്ങുകയായിരുന്നു.
ആറുകളുടെയും കായലുകളുടെയും സമീപം താമസിക്കുന്നവര്‍ വെള്ളത്തില്‍ ഇറങ്ങാന്‍ ഭയപ്പെടുകയാണ്. തുണി അലക്കാനും പാത്രങ്ങള്‍ കഴുകാനും വെള്ളത്തില്‍ ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ലക്ഷങ്ങള്‍ മുടക്കി മീന്‍വളര്‍ത്തലില്‍ ഏര്‍പ്പെട്ട കര്‍ഷകരും നീര്‍നായ ശല്യം മൂലം പൊറുതിമുട്ടുകയാണ്. കൂട്ടമായെത്തുന്ന ഇവ കുളങ്ങളിലെ മീനുകളെ ഭക്ഷണമാക്കും. കുളങ്ങള്‍ക്ക് ചുറ്റും കട്ടികൂടിയ വലകള്‍ ഉപയോഗിച്ച് സുരക്ഷ ഒരുക്കിയിട്ടും ഇവയുടെ ശല്യത്തില്‍നിന്നു രക്ഷപ്പെടാന്‍ സാധിക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
മുന്‍വര്‍ഷങ്ങളില്‍ ചില സ്ഥലങ്ങളില്‍ മാത്രം കണ്ടിരുന്ന നീര്‍നായകള്‍ ഇപ്പോള്‍ വ്യാപകമായിരിക്കുകയാണ്. തീരവാസികള്‍ വസ്ത്രങ്ങള്‍ കഴുകുന്നതിനും കുളിക്കാനും ആശ്രയിക്കുന്നത് തോടുകളെയാണ്. നീര്‍നായകള്‍ വെള്ളത്തിലൂടെ കൂട്ടമായി പോകുന്നത് പലപ്പോഴും കാണാം. മീനച്ചിലാറ്റില്‍ പൂവത്തുംമൂട് മുതല്‍ വട്ടമൂട് വരെയുള്ള പല ഭാഗങ്ങളിലും പാറമ്പുഴ ഡിപ്പോ കടവ് ഭാഗത്ത് ഉള്‍പ്പെടെ നീര്‍നായകളെ പതിവായി കാണാറുണ്ടെന്നു പ്രദേശവാസികള്‍ പറഞ്ഞു.
ഇവയുടെ അക്രമം ഭയന്നു പലരും ഈ സമയത്ത് ആറുകളിലേക്ക് പോകാറില്ല. മാസങ്ങള്‍ക്ക് മുമ്പു തിരുവാര്‍പ്പ് മീന്‍ചിറ ഭാഗത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ ആളെയും നീര്‍നായ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. കടവില്‍ വസ്ത്രം അലക്കുകയായിരുന്ന വീട്ടമ്മയെയും നീര്‍നായ കടിച്ചിരുന്നു. നട്ടാശേരിക്കുസമീപവും വീട്ടമ്മയെ നീര്‍നായ ആക്രമിച്ചിരുന്നു.
നീര്‍നായയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന്
കോട്ടയം: തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്കും മീന്‍വളര്‍ത്തലില്‍ എര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്കും നീര്‍നായ കടുത്ത ഭീഷണിയായി മാറിയ സാഹചര്യത്തില്‍ ഇവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു. അടിയന്തരമായി ബന്ധപ്പെട്ടവര്‍ ഇടപെട്ട് നീര്‍നായകളുടെ ശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.