മെഡിക്കൽ കോളജ് അപകടം: പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ സിപിഎം
1574148
Tuesday, July 8, 2025 9:36 PM IST
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52) മരിച്ച സംഭവത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനുമുണ്ടാക്കിയ ആഘാതം തടയാന്‍ മെഡിക്കല്‍ കോളജില്‍ത്തന്നെ പ്രതിരോധം ഒരുക്കി സിപിഎം. ഇതിന്റെ ഭാഗമായി ഇന്നലെ എല്‍ഡിഎഫ് നേതൃത്വത്തില്‍ മെഡിക്കല്‍ കോളജിനു മുമ്പില്‍ സേവ് മെഡിക്കല്‍ കോളജ് എന്ന പേരില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
മന്ത്രി വി.എന്‍. വാസവനാണ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്. എല്‍ഡിഎഫിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത കൂട്ടായ്മയില്‍ വലിയ ജനപങ്കാളിത്തം പാര്‍ട്ടി നേതൃത്വം ഉറപ്പാക്കിയിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും കോട്ടയം, പത്തനംതിട്ട ജില്ലാ കമ്മിറ്റിയും മെഡിക്കല്‍ കോളജ് സംഭവം സര്‍ക്കാരിനും പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കിയതായി വിലയിരുത്തിയിരുന്നു.
എന്നാല്‍ മന്ത്രിമാരായ വി.എന്‍. വാസവനും വീണാ ജോര്‍ജിനും ഇക്കാര്യത്തില്‍ തെറ്റുപറ്റിയിട്ടില്ലെന്നും മന്ത്രിമാര്‍ക്കെതിരേ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളെയും സമരങ്ങളെയും പ്രതിരോധിക്കാനും സിപിഎം സംസ്ഥാന നേതൃത്വം ഇരു ജില്ലാ കമ്മിറ്റികള്‍ക്കും നിര്‍ദേശം നല്കി. ഇതിന്റെ ഭാഗമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗംകൂടിയായ കെ. അനില്‍കുമാര്‍ എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചാണ്ടി ഉമ്മനുമെതിരേ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തി.
യുഡിഎഫ് കാലത്തെ അപകടമരണങ്ങളില്‍ സഹായം നല്‍കിയില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലത്ത് മെഡിക്കല്‍ കോളജ് കെട്ടിടം അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് കിട്ടിയിട്ടും നടപടിയുണ്ടായില്ലെന്നുമായിരുന്നു അനില്‍കുമാറിന്റെ ആരോപണം. പത്തനംതിട്ടയില്‍ ജനാധിപത്യ മഹിളാ അസോസിയേഷനാണ് വീണാ ജോര്‍ജിനു പ്രതിരോധവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം മരിച്ച ബിന്ദുവിന്റെ വീട്ടില്‍ പുലര്‍ച്ചെ ആരോഗ്യമന്ത്രി എത്തിയപ്പോള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന കമ്മിറ്റിയംഗത്തിന്റെയും നേതൃത്വത്തിലാണ് സുരക്ഷാകവചമൊരുക്കിയത്. വരും ദിവസങ്ങളില്‍ മെഡിക്കല്‍ കോളജിന്റെ സേവനം ഉപയോഗിക്കുന്ന രോഗികളെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്നവരെയും സംഘടിപ്പിച്ചു പ്രതിരോധം തീര്‍ക്കാനാണ് സിപിഎം ശ്രമം.
കഴിഞ്ഞ ദിവസങ്ങളില്‍ മെഡിക്കല്‍ കോളജിനു മുമ്പിലെ പ്രതിപക്ഷ സമരങ്ങള്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. സമരക്കാര്‍ ആശുപത്രി കോമ്പൗണ്ടിനുള്ളിലേക്ക് ഇരച്ചുകയറി. രോഗികളുമായി എത്തിയ വാഹനങ്ങള്‍ തടയുകയും ചെയ്തിരുന്നു.
സമരത്തിനെതിരേ പോലീസിന്റെ പ്രതിരോധവും ജലപീരങ്കിയും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.
ഇതിനെതിരെ രോഗികളെയും കൂട്ടിരിപ്പുകാരെയും സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ നടക്കുന്ന സമരത്തെ പ്രതിരോധിക്കാന്‍ സിപിഎമ്മിന്റെ വനിതാ സംഘടനയായ മഹിളാ അസോസിയേഷനെയും ഡിവൈഎഫ്ഐയെയുമാണ് രംഗത്തിറക്കിയത്.
അസോസിയേഷന് സംസ്ഥാന വൈസ്പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗവുമായ കോമളം അനിരുദ്ധന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ മഹിളകളുടെ വലിയ പ്രതിഷേധപ്രകടനമാണ് നടന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സമരത്തിനെതിരേ കോമളം അനിരുദ്ധന് വെല്ലുവിളി നടത്തുകയും ചെയ്തിരുന്നു.