സ്വകാര്യബസ് പണിമുടക്കിൽ യാത്രക്കാര്‍ വലഞ്ഞു
1574151
Tuesday, July 8, 2025 9:36 PM IST
കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുകള്‍ നടത്തിയ പണിമുടക്ക് യാത്രക്കാരെ വലച്ചു. ജില്ലയിലെ 950 സ്വകാര്യബസുകളാണ് പണിമുടക്കുന്നത്. സമീപ ജില്ലകളില്‍നിന്നും കോട്ടയം ജില്ലയിലെത്തുന്ന മൂന്നൂറില്‍പ്പരം ബസുകളും പണിമുടക്കില്‍ പങ്കുചേര്‍ന്നു.
ബസ് സമരത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വിദ്യാര്‍ഥികൾക്കും ജോലിക്കാര്‍ക്കും യഥാസമയം സ്കൂളിലും ഓഫീസിലുമെത്താന് സാധിച്ചില്ല. സ്വകാര്യ വാഹനങ്ങളും കൂടുതലായി നിരത്തിലിറങ്ങി. സ്വകാര്യ ബസുകള്‍ മാത്രമായി സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ യാത്രാക്ലേശം രൂക്ഷമായിരുന്നു.
വൈറ്റില, മുണ്ടക്കയം, വൈക്കം, ചേര്‍ത്തല, കുമരകം എന്നിവിടങ്ങളിലേക്ക് കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തി. കോട്ടയം മെഡിക്കല്‍ കോളജിലേക്കും രാവിലെ സ്പെഷല്‍ സര്‍വീസുകളുണ്ടായിരുന്നു. സ്വകാര്യ ബസുകള്‍ മാത്രം സര്‍വീസ് നടത്തുന്ന കിടങ്ങൂര്‍-മണര്‍കാട് റൂട്ടില്‍ യാത്രക്കാര്‍ വലഞ്ഞു. ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട-തൊടുപുഴ, കോട്ടയം-കുമളി, പുതുപ്പള്ളി -ഞാലിയാകുഴി തുടങ്ങിയ റൂട്ടുകളില്‍ ബസുകള്‍ കിട്ടാതെ യാത്രാക്കാര്‍ വലഞ്ഞു.
കോട്ടയം, വൈക്കം, ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോകളിലും രാവിലെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
സൂചനാ പണിമുടക്കിന് പിന്നാലെ 22 മുതല്‍ അനിശ്ചിതകാല സമരത്തിനും തയാറെടുക്കുകയാണ് ബസുടമകള്‍. ലിമിറ്റഡ് സ്റ്റോപ്പ്, ദീര്‍ഘദൂര ബസ് പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ഇ ചെല്ലാന്‍ വഴിയുള്ള പിഴചുമത്തല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ ഉന്നയിക്കുന്നത്.