എം.പി. പോള്‍ ചെറുകഥാ പുരസ്കാരം ആഷ് അഷിതയ്ക്ക്
1574147
Tuesday, July 8, 2025 9:36 PM IST
കോട്ടയം: എം.പി. പോള്‍ ചെറുകഥാ പുരസ്കാരം ആഷ് അഷിതയ്ക്ക് ലഭിച്ചു. ആഷ് അഷിതയുടെ മുങ്ങാങ്കുഴി എന്ന ചെറുകഥാ സമാഹാരത്തിനാണ് സാഹിതീസഖ്യം ഏര്‍പ്പെടുത്തിയ എം.പി. പോള്‍ പുരസ്കാരം ലഭിച്ചത്.
സാഹിതീസഖ്യത്തിന്റെ 91-ാമത് വാര്‍ഷികവും പുരസ്കാര സമര്‍പ്പണവും എം.പി. പോളിന്റെ ചരമദിനമായ 12നു കോട്ടയം ദര്‍ശന സാംസ്കാരിക കേന്ദ്രത്തില്‍ മന്ത്രി വി.എന്‍. വാസവന് സമ്മാനിക്കും. ഡോ. കുര്യാസ് കുമ്പളക്കുഴി അധ്യക്ഷത വഹിക്കും.
എം.പി. പോള്‍ ചെറുകഥാ പുരസ്കാരം കൂടാതെ ക്യാപ്റ്റന്‍ ഗോവിന്ദ്, ജോണി ജെ. പ്ലാത്തോട്ടം, രമേശന് മുല്ലശേരി എന്നിവര്‍ക്ക് ചെറുകഥയ്ക്കുള്ള സ്പെഷല്‍ ജൂറി പുരസ്കാരവും സതീഷ് ചേലാട്ട്, പ്രഫ. നെടുംകുന്നം രഘുദേവ് എന്നിവര്‍ക്ക് സ്പെഷല്‍ ജൂറി മാധ്യമപുരസ്കാരവും സമ്മാനിക്കും. ദര്‍ശന കവിയരങ്ങ് കോട്ടയം, സാഹിത്യ സഹൃദയവേദി പാമ്പാടി, സഹൃദയ സമിതി പാലാ, കലാസാഹിത്യ വേദി മീനടം, സാഹിതി കോട്ടയം, കവിയരങ്ങ് കുടമാളൂര്‍, കാവ്യവേദി ഏറ്റുമാനൂര്‍, കാവ്യാരാമം, ഹാസ്യതാവളം, ആറന്മുള സത്യവ്രതന്, പരസ്പരം വായനക്കൂട്ടം എന്നീ സാഹിത്യ സംഘടനകളെയും സമ്മേളനത്തില്‍ ആദരിക്കും.