തേങ്ങയാണു വിപണിയിലെ താരം; വെളിച്ചെണ്ണയോ കണ്ണുനിറയ്ക്കും
1574150
Tuesday, July 8, 2025 9:36 PM IST
കോട്ടയം: വെളിച്ചെണ്ണ വിലക്കുതിപ്പിനു തടയിടുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറയുന്നതല്ലാതെ ജനങ്ങള്‍ക്ക് നിലവില്‍ യാതൊരു ആശ്വാസവുമില്ല. തേങ്ങാ ചില്ലറവില 90 രൂപയും വെളിച്ചെണ്ണയ്ക്ക് 500 രൂപയുമായി കുതിക്കുന്നു.
ഓണത്തിന് വീട്ടമ്മമാരുടെ കൈപൊള്ളില്ലെന്നും വില നിയന്ത്രിക്കുമെന്നുമാണ് കൃഷിമന്ത്രിയുടെ പ്രഖ്യാപനം. റേഷന്‍കടകളിലൂടെ സബ്സിഡി നിരക്കില്‍ ഓണത്തിന് ഒരു കിലോ വെളിച്ചെണ്ണ വിതരണം ചെയ്യാന്‍ ഭക്ഷ്യവകുപ്പിന് ആലോചനയുണ്ട്.
എന്നാല്‍ ഓണം എത്തുംവരെ എങ്ങനെ അടുക്കള ഓടിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല. തമിഴ്നാട്ടിലും ആന്ധ്രയിലും കര്ണാടകത്തിലുംനിന്നു തേങ്ങായെത്തിച്ചു വില കുറയ്ക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയില്‍ കഴമ്പില്ല. കേരളം നാളികേരത്തിന് ആശ്രയിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും തേങ്ങാ വില കൂടുതലും ഉത്പാദനം കുറവുമാണ്. ശ്രീലങ്ക, മാലി എന്നിവിടങ്ങളില്‍നിന്ന് തേങ്ങ എത്തിക്കുക മാത്രമാണ് നിലവിലെ പോംവഴി.
ഇക്കൊല്ലം ഏറ്റവും കൂടുതല്‍ വില ഉയര്‍ന്ന ഭക്ഷ്യോത്പന്നം തേങ്ങയാണ്. ജനുവരി ആദ്യം ലിറ്ററിന് 200 രൂപയ്ക്ക് താഴെ നിന്നിരുന്ന വെളിച്ചെണ്ണ വില 450 കടന്നു. തേങ്ങ കിലോ 85-90 രൂപയിലുമെത്തി. തേങ്ങയുടെയും വെളിച്ചെണ്ണയുടെയും ഉപയോഗം കുറയ്ക്കാന്‍ വീടുകളും ഹോട്ടലുകളും കേറ്ററിംഗ് സ്ഥാപനങ്ങളും നിര്‍ബന്ധിതരായിരിക്കുന്നു. മാത്രമല്ല തേങ്ങ ഉപയോഗിച്ചുള്ള കറികളേറെയും ഒഴിവാക്കുകയാണ്. വിലവര്‍ധനയ്ക്ക് മുന്നില്‍ താളം തെറ്റുകയാണ് അടുക്കള ബജറ്റ്. വെളിച്ചെണ്ണയ്ക്ക് പകരം വിലക്കുറവുള്ള സൂര്യകാന്തി, പാം ഓയിലുകളെയാണ് ഏറെപ്പേരും ആശ്രയിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 170 രൂപയായിരുന്നു വില. ഒരു വര്‍ഷം പിന്നിടുമ്പോള്‍ 300 രൂപയുടെ കയറ്റമാണ്. ഇതേ കാലത്ത് തേങ്ങാവില 35 രൂപയില്‍നിന്ന് തൊണ്ണൂറിലെത്തി. അതായത് 55 രൂപയുടെ മുന്നേറ്റം. വിപണിയില്‍ അല്പം വിലക്കുറവുള്ള നിരവധി ബ്രാന്‍ഡ് വെളിച്ചെണ്ണയുണ്ട്.
എന്നാല്‍ ഇവയില്‍ ചിലത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയും. കടുംമഞ്ഞ നിറമുള്ള ചില ഇനങ്ങളില്‍ വെളിച്ചെണ്ണയുടെ അംശം കുറവാണെന്നും രാസവസ്തുക്കളുടെ മിശ്രിതമാണെന്നും പറയുന്നു. ഇക്കൊല്ലം ഓണത്തിന് ഉപ്പേരിവില റിക്കാര്‍ഡ് കുറിക്കും. ഏത്തക്കുല വില 120 വരെ എത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഓണസദ്യയില്‍ ഉപ്പേരിക്ക് ഇടമുണ്ടാകാനിടയില്ല.
തേങ്ങ ചേരുന്ന പലഹാരങ്ങളേറെയും ഹോട്ടലുകളില്‍നിന്നു പടിയിറങ്ങി. ദോശ തയാറാക്കിയാല്‍ ചട്നിക്കു പകരം സാമ്പാര്‍ മാത്രമേയുള്ളൂ. വില പിടിവിട്ടു കയറുന്ന പശ്ചാത്തലത്തില്‍ കേരഫെഡ് മുഖേന അസംസ്കൃത തേങ്ങ സംഭരിക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ഇവ കൊപ്രയാക്കി മാറ്റി എണ്ണ വിപണിയിലെത്തിക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍നിന്ന് നാളികേര വികസന ബോര്‍ഡ് നിശ്ചയിച്ച സംഭരണ വിലയേക്കാള്‍ ഒരു രൂപ കൂടുതല്‍ നല്കി തേങ്ങ സംഭരിക്കാനാണു തീരുമാനം.
ലോകമെമ്പാടും നാളികേര ഉത്പാദനത്തില്‍ 25 ശതമാനമാണ് കുറവുണ്ടായതെന്നും ദക്ഷിണേന്ത്യയില്‍ ഇത് 40 ശതമാനമാണെന്നും കൃഷി മന്ത്രി പി. പ്രസാദ് പറയുന്നു. പാം ഓയില്‍, സൂര്യകാന്തി എണ്ണ വില യഥാക്രമം ലിറ്ററിന് 120 രൂപയും 150 രൂപയും ആയിരിക്കെ വെളിച്ചെണ്ണ ചില്ലറ വില 450 രൂപയ്ക്ക് മുകളിലാണ്. കേരളത്തില്‍ കൊപ്ര വില കിലോയ്ക്ക് 272 രൂപയും തമിഴ്നാട്ടില്‍ 245 രൂപയുമാണ്.