ഷട്ടറുകൾ മോഷണം പോയി; പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
1574155
Tuesday, July 8, 2025 9:36 PM IST
പെരുവന്താനം: മണിക്കല്ലിലെ തിലകൻ സ്മാരക ലേക്ക് ആൻഡ് പാർക്കിന്റെ ഷട്ടറുകൾ മോഷണം പോയി. സംഭവത്തിൽ പഞ്ചായത്ത് ദിവസങ്ങൾക്ക് ശേഷമാണ് പോലീസിൽ പരാതി നൽകിയതെന്നും പരാതിയിൽ സംഭവത്തിന്റെ ഗൗരവം കാണിക്കാത്തതിനെത്തുടർന്ന് പോലീസ് അന്വേഷണം നടന്നില്ലെന്നും ആരോപിച്ച് എൽഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ ഉപരോധസമരം സംഘടിപ്പിച്ചു.
പഞ്ചായത്തിൽ കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് നിർമിച്ചതാണ് മണിക്കല്ലിലെ തിലകൻ സ്മാരക ലേക്ക് ആൻഡ് പാർക്ക്. എന്നാൽ പിന്നീടുവന്ന യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം പദ്ധതി പൂർണമായും സ്തംഭിച്ച് പ്രവർത്തനം നിലച്ചതായി എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു. പദ്ധതിയുടെ ഭാഗമായി നിർമിച്ചിരുന്ന തടയണയിൽ വെള്ളം തടഞ്ഞു നിർത്താനായി അരലക്ഷത്തോളം രൂപ ചെലവഴിച്ച് ഷട്ടറുകൾ നിർമിച്ചിരുന്നു. ഇതാണ് മോഷണം പോയത്.
പഞ്ചായത്തംഗങ്ങളായ എം.സി. സുരേഷ്, പ്രഭാവതി, ജാൻസി, സാലിക്കുട്ടി, സിപിഎം ഏലപ്പാറ ഏരിയാ കമ്മിറ്റി അംഗം ബേബി മാത്യു, ലോക്കൽ സെക്രട്ടറി എ. ബിജു, ഷാജി പി. ജോസഫ് എന്നിവർ പ്രസംഗിച്ചു.