കളരിയാമ്മാക്കല് പാലത്തിന് വഴി തുറക്കുന്നു
1574158
Tuesday, July 8, 2025 9:36 PM IST
പാലാ: മൂവാറ്റുപുഴ-പുനലൂര്‍ സംസ്ഥാന പാതയിൽ പാലാ-പൊന്‍കുന്നം റോഡിലെ പന്ത്രണ്ടാംമൈലിൽനിന്ന് ആരംഭിച്ച് പാലാ-പൂഞ്ഞാര്‍ റോഡിലെ ചെത്തിമറ്റത്ത് എത്തിച്ചേരുന്ന രണ്ടാംഘട്ട പാലാ റിംഗ് റോഡിന്റെ അവസാന ഭാഗത്തുള്ള കളരിയാമ്മാക്കല് പാലത്തിന്റെ അപ്രോച്ച് റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് സാമൂഹിക ആഘാത പഠനത്തിനുള്ള നടപടികള്‍ ആരംഭിച്ചു.
രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസാണ് സാമൂഹിക ആഘാത പഠനത്തിനു നേതൃത്വം നല്‍കുക. നടപടികളുടെ ഭാഗമായി പഠനം നടത്തുന്ന ഏജന്‍സിയുടെ പ്രതിനിധികളും പൊതുമരാമത്ത് നിരത്തുവിഭാഗം ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് ഭൂവുടമകളുമായി സംസാരിച്ചിരുന്നു.
എട്ടു സര്‍വേ നമ്പറിലുള്ള അഞ്ചു വ്യക്തികളുടെ സ്ഥലമാണ് അപ്രോച്ച് റോഡ് നിര്‍മാണത്തിനായി ഏറ്റെടുക്കുക. എല്ലാ ഭൂമി ഉടമസ്ഥരെയും നേരില്‍ക്കണ്ട് ഹിയറിംഗിനുള്ള സമയവും സ്ഥലവും അറിയിക്കും. ഇതിനായി 15 ദിവസത്തെ നോട്ടീസാണ് നിയമാനുസരണം ലഭ്യമാകുക.
അപ്രോച്ച് റോഡ് നിര്‍മാണത്തിനായി 13 കോടിയുടെ സര്‍ക്കാര്‍ ഭരണാനുമതി നേരത്തേ നല്‍കിയിരുന്നു. സമീപന പാതയ്ക്കു രണ്ടു പേരുടെ മാത്രം ഭൂമി മാത്രമേ ആവശ്യമുള്ളൂ എന്നുള്ള പ്രചാരണം തെറ്റാണെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലുടന്‍ റവന്യുവകുപ്പ് ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ജോസ് കെ. മാണി അറിയിച്ചു. നിര്‍ദിഷ്ട അപ്രോച്ച് റോഡിന്റെ നീളം ഏകദേശം 200 മീറ്ററും വീതി 15 മീറ്ററുമാണ്.
മീനച്ചിൽ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി, മുന്‍ പഞ്ചായത്തംഗം സണ്ണി വെട്ടം, ജിനു വാട്ടപ്പള്ളി, ഷാജി വടക്കേതലയ്ക്കല്‍ എന്നിവര്‍ പഠനസംഘത്തോടൊപ്പം ഉണ്ടായിരുന്നു.