തിട്ടയിടിഞ്ഞ് അപകടാവസ്ഥയിലായ മാന്തുരുത്തി റോഡിന് സംരക്ഷണം കാലി വീപ്പ
1574384
Wednesday, July 9, 2025 7:35 AM IST
മാന്തുരുത്തി: തിട്ട ഇടിഞ്ഞ് അപകടാവസ്ഥയിലായ റോഡിന് കാലി ടാര്‍ വീപ്പ സംരക്ഷണ ഭിത്തിയാക്കി അധികൃതര്‍. സ്കൂള്‍ ബസുകള്‍, ടിപ്പറുകള്‍ തുടങ്ങി നൂറുകണക്കിനു വാഹനങ്ങള്‍ ദിവസേന സഞ്ചരിക്കുന്ന മാന്തുരുത്തി-നെടുംകുന്നം റോഡിനാണ് പൊതുമരാമത്ത് വക കാലി ടാര്‍ വീപ്പ സംരക്ഷണം.
ജില്ലയിലെ ആദ്യകാല പിഡബ്ല്യുഡി റോഡുകളിലൊന്നായ മാന്തുരുത്തി-നെടുംകുന്നം റോഡിനോടുള്ള അധികൃതരുടെ അവഗണനയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ചങ്ങനാശേരി-വാഴൂര്‍ റോഡിനെയും ചങ്ങനാശേരി-മണിമല റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.
പല അവസരങ്ങളിലായി മുന്നൂറു മീറ്ററോളം ദൂരത്തില്‍ തിട്ട ഇടിഞ്ഞ് സമീപത്തെ തോട്ടില്‍ പതിച്ചിട്ട് രണ്ടു വര്‍ഷത്തോളമായി. അമിതഭാരം കയറ്റി ടിപ്പര്‍ ലോറികള്‍ കടന്നുപോയതാണ് റോഡിന്റെ തിട്ട ഇടിഞ്ഞുതാഴാന്‍ കാരണമായതെന്ന് നാട്ടുകാര്‍ക്ക് പറയുന്നു.
ആദ്യം റോഡിന്റെ ഒരു വശത്ത് വിള്ളല്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും വാഹനസഞ്ചാരം നിയന്ത്രിക്കുന്നതിനോ, റോഡിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനോ ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ തയാറാകാത്തതാണ് കൂടുതലായി റോഡിന്റെ തിട്ട ഇടിയാന്‍ കാരണമായത്. സംരക്ഷണം ഒരുക്കി സ്ഥാപിച്ച ചില വീപ്പകള്‍ മറിഞ്ഞുവീണ അവസ്ഥയിലുമാണ്.