കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിൽ ആംബുലന്‍സ് സൗകര്യം പരിമിതം
1574117
Tuesday, July 8, 2025 8:28 PM IST
കാഞ്ഞിരപ്പള്ളി: കിഴക്കന്‍ മലയോര മേഖലയിലെ പ്രധാനപ്പെട്ട ആശുപത്രി, ജനറല്‍ ആശുപത്രിയായി സ്ഥാനക്കയറ്റം, കാത്ത് ലാബ് ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങള്‍, മിനി മെഡിക്കല്‍ കോളജ് എന്നുവരെ വിളിപ്പേര്... പക്ഷേ, ആശുപത്രിയില്‍ ആകെയുള്ളത് ഒരു ആംബുലന്‍സ് മാത്രം. ഇതിന്റെ പ്രയോജനം ലഭിക്കുന്നതാകട്ടെ പകല്‍ മാത്രം. രാത്രി അത്യാവശ്യം വന്നാല്‍ സ്വകാര്യ ആംബുലന്‍സ് സര്‍വീസുകളെ ആശ്രയിക്കേണ്ട ഗതികേട്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ അവസ്ഥയാണിത്.
ആകെയുണ്ടായിരുന്ന മൂന്നു ആംബുലൻസുകളിൽ ഒരെണ്ണം ഡിഎംഒ ഓഫീസിലേക്കു തിരിച്ചു കൊണ്ടുപോയി. ഒരെണ്ണം രോഗിയുമായി പോകവേ അപകടത്തിൽപ്പെട്ടു തകരാറിലായി വർക്ക്ഷോപ്പിലാണ്. ഡോ. എൻ. ജയരാജിന്റെ എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച ആംബുലൻസാണ് അപകടത്തിൽപ്പെട്ടു തകരാറിലായത്.
നിലവിൽ സർവീസ് നടത്തുന്ന ആംബുലൻസ് എംപി ഫണ്ടിൽനിന്ന് ആന്റോ ആന്റണി അനുവദിച്ചതാണ്. എംപി ആംബുലൻസ് അനുവദിച്ചപ്പോൾ പഴയ ഒരു ആംബുലൻസ് ഡിഎംഒ ഓഫീസിലേക്കു തിരിച്ചു കൊണ്ടുപോയി. ജീപ്പ് ആംബുലൻസ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായാണ് ഓടുന്നത്. രോഗികളെ കൊണ്ടുപോകാനുള്ള ഏക ആംബുലൻസ് ഒരാളെയുമായി 50 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളജിലേക്കു പോയാൽ പിന്നീട് ഇതു തിരിച്ചുവരുന്നതുവരെ ആശുപത്രിയിൽ ആംബുലൻസില്ല.
ഈ സമയത്ത് ആവശ്യം വന്നാൽ 108 ആംബുലൻസുകളെയോ സ്വകാര്യ ആംബുലൻസുകളെയോ ആശ്രയിക്കുക മാത്രമാണ് മാർഗം. കിഴക്കൻ മലയോര മേഖലയിലും ശബരിമല തീർഥാടന പാതകളിലും അപകടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായാൽ ആദ്യം എത്തിക്കുന്നത് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലാണ്. ഇവിടെനിന്നു രോഗികളെ റഫർ ചെയ്യേണ്ടി വരുന്പോൾ ആംബുലൻസുകൾ ഇല്ലാതെ വരുന്നതു രോഗികളുടെ ജീവനു തന്നെ ഭീഷണിയാണ്.
ഡ്രൈവർമാരുടെ കുറവാണ് രാത്രി ആംബുലൻസ് സർവീസ് നിലയ്ക്കാൻ കാരണമെന്നു അധികൃതർ പറയുന്നു. എന്നാൽ, രണ്ട് ആംബുലൻസുകളും മൂന്നു ഡ്രൈവർമാരും ആശുപത്രിയിലുണ്ട്. സ്ഥിര നിയമനത്തിലുള്ള ഡ്രൈവർക്കു പാലിയേറ്റീവ് ആംബുലൻസിലാണ് ഡ്യൂട്ടി. ആശുപത്രി മാനേജ്മെന്റ് സമിതി നിയമിച്ച രണ്ടു താത്കാലിക ഡ്രൈവർമാരാണുള്ളത്.
മൂന്നു ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ ഇവർ മടിക്കുന്നതാണ് രാത്രി സർവീസ് മുടങ്ങാൻ കാരണമെന്നും പറയുന്നു. ആരോഗ്യ വകുപ്പിന്റെ മറ്റു സ്ഥാപനങ്ങളിൽ അധികമുള്ള ഡ്രൈവർമാരെ ഇവിടേക്കു നിയമിച്ച് കൂടുതൽ ആംബുലൻസുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.