കുറിച്ചി പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളില്‍ ഹരിതഗ്രാമം പദ്ധതി
1574387
Wednesday, July 9, 2025 7:35 AM IST
ചങ്ങനാശേരി: കുറിച്ചി പഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകളെ ഹരിത ഗ്രാമമാക്കാന്‍ പദ്ധതി. ഹൗമാര ഇന്റഗ്രേറ്റഡ് ഫാമും മുത്തൂറ്റ് ഫിനാന്‍സും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓണക്കാലത്ത് വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കുകയാണ് ഇതിലൂടെ പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നത്. തൊഴിലുപ്പ് തൊഴിലാളികള്‍ അരിപാകി മുളപ്പിച്ച മുന്തിയ ഇനം പച്ചക്കറി തൈകള്‍ 125 എണ്ണംവീതം രണ്ടു വാര്‍ഡുകളിലെയും കുടുംബങ്ങള്‍ക്ക് നല്കി.
വെണ്ട, വഴുതന, പയര്‍, മുളക്, തക്കാളി ഇനത്തില്‍ 50വീതം തൈകളാണ് നല്‍കിയത്. കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് ഹരിതഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു. ഹൗമാര ഇന്റഗ്രേറ്റഡ് ഫാം സെക്രട്ടറി ബേബിച്ചന് കൈതയില്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെമ്പര്‍മാരായ ബി.ആര്. മഞ്ജീഷ്, സ്മിത ബൈജു, കൃഷി ഓഫീസര്‍ ഡോ. സുനില്‍കുമാര്‍, വത്സമ്മ ശിവന്‍കുട്ടി, ഫിനിമോള്‍ ജോസഫ്, ടി.സി. ലക്ഷ്മണന്, ജോസഫ് പി. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.