വനം വകുപ്പിനെതിരേ ആദിവാസികളും ഭരണകക്ഷിയും
1226557
Saturday, October 1, 2022 10:49 PM IST
ഉപ്പുതറ: കാട്ടിറച്ചിയുമായി ആദിവാസി യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വനംവകുപ്പിനെതിരേ ആദിവാസി സംഘടനകളും ഭരണപക്ഷ കക്ഷികളും പ്രക്ഷോഭം ശക്തമാക്കി. കഴിഞ്ഞ ദിവസം സിപിഎമ്മും സിപിഐയും ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ മാർച്ചും ധർണയും നടത്തി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലും മാർച്ച് നടത്തി.
സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഉള്ളാട മഹാ സഭയുടെ നേതൃത്യത്തിൽ ആദിവാസികൾ പ്രക്ഷോഭം നടത്തുകയാണ്. കെയുഎംഎസ് ഇന്ന് കിഴുകാനം വനം വകുപ്പ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. ഒരാഴ്ചയ്ക്കുള്ളിൽ സംഭവത്തിൽ കക്ഷികളായ ഉദ്യോഗസ്ഥർക്കെതിരേ നടപടി ഉണ്ടായില്ലെങ്കിൽ വനംവകുപ്പ് ഓഫീസിനു മുന്നിൽ നിരാഹാര സമരം തുടങ്ങുമെന്ന് സിപിഎം മുന്നറിയിപ്പു നൽകി.
പിടികൂടിയത് കാട്ടിറച്ചി അല്ലെന്നും വാഹനത്തിൽ ഇറച്ചി കൊണ്ടുവന്നു വച്ച് കേസിൽ കുടുക്കിയതാണെന്നുമാണ് ആദിവാസി സംഘടനകൾ ആരോപിക്കുന്നത്. കഴിഞ്ഞ 20നാണ് വിൽപനക്ക് കൊണ്ടുപോയ രണ്ടു കിലോ കാട്ടിറച്ചിയുമായി കണ്ണംപടി ( മുല്ല ) പുത്തൻപുരയ്ക്കൽ സരിൻ സജി(24)യെ കിഴുകാനം ഫോറസ്റ്ററും സംഘവും അറസ്റ്റ് ചെയ്തത്. ഇറച്ചി കൊണ്ടുപോയ ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തിരുന്നു.