തമിഴ്നാട് വനംവകുപ്പിന്റെ നടപടിക്കെതിരേ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കും
1228303
Friday, October 7, 2022 10:44 PM IST
നെടുങ്കണ്ടം: കാട്ടാനശല്യം രൂക്ഷമായ പുഷ്പക്കണ്ടം അണക്കരമെട്ടിലെ സോളാര്‍ ഫെന്‍സിംഗിന്റെ നിര്‍മാണം തടഞ്ഞ തമിഴ്നാട് വനം വകുപ്പിന്റെ നടപടിക്കെതിരേ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്. കേരള-തമിഴ്നാട് അതിര്‍ത്തിയായ അണക്കരമെട്ടില്‍ 1,600 മീറ്റര്‍ ദൂരത്തില്‍ ഫെന്‍സിംഗ് സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ നിര്‍മാണം തടഞ്ഞത്.
അണക്കരമെട്ടില്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള കെഎസ്ആര് എസ്റ്റേറ്റില്‍ ഇളങ്കോവന്, സഹോദരന് രാജ്മോഹന്‍ എന്നിവരുടെ സ്ഥലത്തെ ഫെന്‍സിംഗ് ജോലികളാണ് തമിഴ്നാട് തടഞ്ഞത്. ഇളങ്കോവന്റെ സ്ഥലം തമിഴ്നാടിന്റേതാണെന്ന വാദവുമായാണ് ഉദ്യോഗസ്ഥരെത്തിയത്. സ്ഥല ഉടമകളെ തമിഴ്നാട് ഉദ്യോഗസ്ഥർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്താണ് ഇവിടെ പ്രത്യേക ഫണ്ട് അനുവദിച്ച് ഫെന്‍സിംഗ് ജോലികള്‍ ചെയ്യുന്നത്. നിര്‍മാണം തടഞ്ഞ തമിഴ്നാടിന്റെ നടപടിക്കെതിരെ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയതായും ജില്ലാ കളക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭനാ വിജയന് അറിയിച്ചു. തന്നെ കൈയേറ്റംചെയ്യാന്‍ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി സ്ഥലം ഉടമയായ ഇളങ്കോവന് നെടുങ്കണ്ടം പോലീസില്‍ പരാതി നല്കി.