നെടുങ്കണ്ടത്ത് ലഹരിവിരുദ്ധ ഓട്ടോറിക്ഷാ റാലിയും ബോധവത്്കരണ പരിപാടിയും
1228315
Friday, October 7, 2022 10:49 PM IST
നെടുങ്കണ്ടം: ജനമൈത്രി പോലീസിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെടുങ്കണ്ടത്ത് ഓട്ടോ റിക്ഷാ റാലിയും ബോധവല്‍ക്കരണ പരിപാടിയും നടന്നു. ലഹരിക്കെതിരേ യോദ്ധാവാകുക എന്ന മുദ്രാവാക്യമുയര്‍ത്തി ജനമൈത്രി പോലീസ് നടപ്പിലാക്കുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.
നെടുങ്കണ്ടത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെ ടൗണിലെ മുഴുവന്‍ ഓട്ടോറിക്ഷകളും പങ്കെടുത്ത റാലി നെടുങ്കണ്ടം സിഐ ബി.എസ്. ബിനു ഫ്ളാഗ് ഓഫ് ചെയ്തു. നൂറോളം ഓട്ടോറിക്ഷകള്‍ പങ്കെടുത്ത റാലി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് കിഴക്കേക്കവലയില്‍ സമാപിച്ചു. തുടര്‍ന്ന് നെടുങ്കണ്ടം ഗവ. ഹൈസ്കൂളിലെ എസ്പിസി കേഡറ്റുകളുടെ നേതൃത്വത്തില്‍ ഫ്ളാഷ് മോബും ലഹരിവിരുദ്ധ തെരുവുനാടകവും നടന്നു.
ലഹരിയുടെ ഉപയോഗവും വിതരണവും കണ്ടെത്തിയാല്‍ പോലീസിനെ അറിയിക്കുന്നതിനായി ഓട്ടോ റിക്ഷാ തൊഴിലാളികളെ ഉള്‍പ്പെടുത്തി സേനയ്ക്കും രൂപം നല്കി. പരിപാടികള്‍ക്ക് എസ്ഐ സി.ജെ. ചാക്കോ, ജനമൈത്രി ബീറ്റ് ഓഫീസര്‍ ഷാനു എന്‍. വാഹിദ്, അനില്‍ കട്ടൂപ്പാറ, രതീഷ് കുന്നുംപുറത്ത്, ലിജു സുരേന്ദ്രന്, കെ.കെ. സജു, സിജു തോമസ്, ബാബു പായിക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.