നെല്ലാപ്പാറ വളവിൽ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു
1243442
Sunday, November 27, 2022 2:34 AM IST
തൊടുപുഴ: നെല്ലാപ്പാറ വളവിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. തമിഴ്നാട്ടിൽനിന്നു മിഠായിയുമായി ഈരാറ്റുപേട്ടയ്ക്കു പോയ ലോറിയാണ് തൊടുപുഴ -പാലാ റൂട്ടിൽ പുറപ്പുഴ ബൈപാസിനു സമീപം വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു അപകടം.
വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറി റോഡിൽ വട്ടം മറിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. കരിങ്കുന്നം എസ്ഐ ബൈജു ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് എത്തി വാഹന ഗതാഗതം നിയന്ത്രിച്ചു.
അപകടത്തത്തുടർന്ന് ലോറിയിൽനിന്നു ഡീസൽ ചോർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് തൊടുപുഴയിൽനിന്നു ഫയർഫോഴ്സ് എത്തി റോഡിൽ വീണ ഡീസൽ കഴുകി നീക്കി. വൈകുന്നേരം അഞ്ചരയോടെ ക്രെയിൻ എത്തിച്ച് ലോറി ഉയർത്തി മാറ്റി ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചു.