കുടിയിറക്ക് ഭീഷണി: രാജേന്ദ്രന് പിന്തുണയുമായി സിപിഎം
1243501
Sunday, November 27, 2022 3:20 AM IST
മൂന്നാര്‍: മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന് താമസിക്കുന്ന പുരയിടത്തില്‍നിന്ന് ഏഴു ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്ന റവന്യൂ വകുപ്പിന്റെ നോട്ടീസിനെതിരേ മൂന്നാറിലെ സിപിഎം നേതൃത്വം. വിവാദ ഭൂമിയായ ഇക്കാനഗറില്നിന്നു 69 കുടുംബങ്ങള്‍ക്ക് റവന്യു വകുപ്പ് നോട്ടീസ് നല്‍കിയത് അംഗീകരിക്കാനാവില്ലെന്നും റവന്യൂ വകുപ്പിന്റെ നടപടിയെ പ്രതിരോധിക്കുമെന്നും സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി കെ.കെ.വിജയന് അറിയിച്ചു.
തനിക്കെതിരേയുള്ള നടപടിയ്ക്കു പിന്നില്‍ എം.എം.മണിയാണെന്ന രാജേന്ദ്രന്റെ ആരോപണം വാസ്തവവിരുദ്ധമാണെന്നും മാധ്യമശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ രാജേന്ദ്രന് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ തീരുമാനത്തില്‍ എം.എം.മണിക്ക് യാതൊരു പങ്കുമില്ല. സര്‍ക്കാരിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാകുന്ന നടപടികളാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്. ഇക്കാ നഗറില്‍ 70 വര്‍ഷങ്ങളായി താമസിക്കുന്നവർക്കാണ് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നതെന്നും വിജയൻ ആരോപിച്ചു.