വസന്തമായി, അഭിമാനമായി കലാകുസുമങ്ങൾ
1244589
Wednesday, November 30, 2022 11:15 PM IST
തൊടുപുഴ: വിണ്ണിലെ താരകങ്ങൾ മണ്ണിലും മിഴി തുറന്നു. കലാകുസുമങ്ങൾ നിറവസന്തം തീർത്തു. മുപ്പത്തി മൂന്നാമത് റവന്യു ജില്ലാ കലോത്സവം ഉണർവ് 2 കെ 22ന് തൊടുപുഴ മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. നൃത്തേതര ഇനങ്ങളിലെ മൽസരങ്ങളാണ് ആദ്യദിനം അരങ്ങേറിയത്. നാലു ദിവസങ്ങളായി നടക്കുന്ന കലോൽസവത്തിൽ ഏഴ് ഉപജില്ലകളിൽനിന്നായി 3500ഓളം വിദ്യാർഥികൾ ഇരുനൂളം ഇനങ്ങളിലാണ് മാറ്റുരയ്ക്കുന്നത്.
ഇന്നലെ രാവിലെ ഡിഡിഇ കെ. ബിന്ദു പതാക ഉയർത്തിയതോടെ അരങ്ങുണർന്നു. മേളയുടെ ഒൗപചാരിക ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് പ്രധാന വേദിയായ സെന്റ് ജോർജ് പാരിഷ് ഹാളിൽ ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും. പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. കോവിഡ് വ്യാപനത്തിനുശേഷം വിരുന്നുവന്ന കലാമേളയ്ക്കായി വിപുലമായ ക്രമീകരണങ്ങളാണ് സംഘാടകസമിതി ഒരുക്കിയിരിക്കുന്നത്.
ആദ്യദിനത്തിൽ
തൊടുപുഴയുടെ മുന്നേറ്റം
മുതലക്കോടം: റവന്യു ജില്ലാ കലോത്സവത്തിന്റെ ആദ്യദിനത്തിൽ എച്ച്എസ്എസ് വിഭാഗത്തിൽ 29 ഇനങ്ങളുടെ ഫലം വന്നപ്പോൾ തൊടുപുഴ ഉപജില്ല 118 പോയിന്റുമായി മുന്നിൽ. കട്ടപ്പന ഉപജില്ല 109 പോയിന്റുമായി രണ്ടാമതും അടിമാലിയും അറക്കുളം 80 പോയിന്റുമായി മൂന്നാമതുമാണ്.
ഹൈസ്കൂൾ വിഭാഗത്തിൽ 27 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 111 പോയിന്റുമായി തൊടുപുഴയാണ് ഒന്നാം സ്ഥാനത്ത്. 103 പോയിന്റുമായി കട്ടപ്പന രണ്ടാം സ്ഥാനത്തും 89 പോയിന്റുമായി അറക്കുളവും അടിമാലിയും മൂന്നാം സ്ഥാനത്തുമാണ്.
യുപി വിഭാഗത്തിൽ പത്തിനങ്ങളുടെ ഫലം വന്നപ്പോൾ 43 പോയിന്റുമായി അടിമാലി ഉപജില്ല ഒന്നാം സ്ഥാനത്തും 39 പോയിന്റുമായി കട്ടപ്പന രണ്ടാമതും 34 പോയിന്റ് വീതം നേടി അറക്കുളവും തൊടുപുഴയും മൂന്നാം സ്ഥാനത്തുമാണ്.
സ്കൂൾതലത്തിൽ യുപി വിഭാഗത്തിൽ 13 പോയിന്റുമായി സെന്റ് തോമസ് ഇഎംഎച്ച്എസ്എസ് അട്ടപ്പള്ളം ഒന്നാം സ്ഥാനത്തും ഹൈസ്കൂൾ വിഭാഗത്തിൽ 36 പോയിന്േറാടെ തുടങ്ങനാട് എസ്ടി എച്ച്എസ്എസ് ഒന്നാം സ്ഥാനത്തും എച്ച്എസ്എസ് വിഭാഗത്തിൽ 30 പോയിന്റുമായി ആതിഥേയരായ മുതലക്കോടം സെന്റ് ജോർജ് എച്ച്എസ്എസ് ഒന്നാം സ്ഥാനത്തുമാണ്.