വിദ്യാർഥികൾ ക്രിസ്തീയ മൂല്യമുള്ളവരായി വളരണം: മോൺ. ജോസ് പ്ലാച്ചിക്കൽ
1245095
Friday, December 2, 2022 10:32 PM IST
കരിമ്പൻ: വിദ്യാർഥികൾ ക്രിസ്തീയ മൂല്യമുള്ളവരായി വളരണമെന്ന് ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ. തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇടുക്കി രൂപതാ കെസിഎസ്എൽ ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രൂപതാ പ്രസിഡന്റ് സിബിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ. ഡോ. ജോസ് മാറാട്ടിൽ സന്ദേശം നൽകി.
സ്കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് പാലയ്ക്കാമറ്റം, രൂപത അനിമേറ്റർ സിസ്റ്റർ സ്റ്റെല്ല എസ് എച്ച്, സ്കൂൾ അനിമേറ്റർ ജൂലിമോൾ വർഗീസ്, കെസിഎസ്എൽ മുൻ രൂപതാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോഷി ജോസഫ് എന്നിവർ നേതൃത്വം നൽകി.
വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് രൂപതാ ഡയറക്ടർ ഫാ. ജേക്കബ് മങ്ങാടംപള്ളിൽ സമ്മാനദാനം നിർവഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
നേരത്തെ, റവ. ഡോ. ജോസ് മാറാട്ടിൽ പതാക ഉയർത്തി. മോൺ. ജോസ് പ്ലാച്ചിക്കലിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം വിശ്വാസ പ്രഘോഷണറാലിയും നടത്തി.