കനിവ് 108 ആംബുലൻസിൽ യുവതിക്കു സുഖപ്രസവം
1246287
Tuesday, December 6, 2022 10:23 PM IST
ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം. വട്ടവട ചിലന്തിയാർ സ്വദേശിനി സംഗീത (22) ആണ് ആംബുലൻസിൽ പെണ്‍കുഞ്ഞിനു ജന്മം നൽകിയത്. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് സംഭവം.
സംഗീതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ വിവരം ഹെൽത്ത് ഇൻസ്പെക്ടറെ അറിയിച്ചു. ഇവർ വിവരം വട്ടവട കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. അനുവിനെ അറിയിച്ചു. തുടർന്ന് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കണ്ട്രോൾ റൂമിൽനിന്ന് അത്യാഹിത സന്ദേശം വട്ടവട കുടുംബാരോഗ്യകേന്ദ്രത്തിലെ ആംബുലൻസിനു കൈമാറി.
ആംബുലൻസ് ഡ്രൈവർ കെ.എസ്. അജുൽ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അനിൽ കുമാർ എന്നിവർ സ്ഥലത്തെത്തി സംഗീതയുമായി അടിമാലി താലൂക്ക് ആശുപത്രിയിലേക്കു തിരിച്ചു. ആംബുലൻസ് കോവിലൂർ ഭാഗത്തെത്തിയപ്പോൾ സംഗീതയുടെ ആരോഗ്യനില കൂടുതൽ വഷളായി. മെഡിക്കൽ ടെക്നീഷ്യൻ അനിൽ കുമാർ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടു പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്നു മനസിലാക്കി ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.
പുലർച്ചെ 1.50ന് അനിൽ കുമാറിന്റെ പരിചരണത്തിൽ സംഗീത ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി. പിന്നീട് ഇരുവരെയും മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.