മത്സ്യവ്യാപാരത്തിലൂടെ ചികിത്സാസഹായം
1262210
Wednesday, January 25, 2023 11:18 PM IST
കട്ടപ്പന: മത്സ്യവ്യാപാരത്തിലൂടെ ഒരു ദിവസം ലഭിക്കുന്ന മുഴുവൻ തുകയും ചികിത്സാ സഹായത്തിനായി മാറ്റിവയ്ക്കുകയാണു അണക്കരയിലെ പാറയ്ക്കൽ ഫിഷറീസ് ഉടമ നൗഷാദ്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായി ചികിത്സയിൽ കഴിയുന്ന അണക്കര സ്വദേശി അശ്വിൻ മാത്യുവിന്റെ ചികിത്സാസഹായത്തിനുള്ള പണം നൽകുന്നതിനാണു വ്യാപാരത്തിലെ ഒരു ദിവസത്തെ മുഴുവൻ വരുമാനവും നീക്കിവയ്ക്കുന്നത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അശ്വിൻ മാത്യു എന്ന 19കാരൻ. ശസ്ത്രക്രിയയും തുടർചികിത്സയ്ക്കുമായി 50 ലക്ഷത്തോളം രൂപയാണു ആവശ്യമുണ്ടായിരുന്നത്. ഇനി 15 ലക്ഷം രൂപകൂടി നൽകണം. ഈ സാഹചര്യത്തിലാണു ചികിത്സാസഹായം നൽകുന്നതിനായി തന്റെ സ്ഥാപനത്തിലെ ഒരു ദിവസത്തെ മുഴുവൻ തുകയും സഹായമായി നൽകാൻ നൗഷാദും സഹോദരൻ നിസാറും തീരുമാനിച്ചത്.