കാട്ടാനശല്യം പരിഹരിക്കണം: ജില്ലാ വികസനസമിതി യോഗം
1262734
Saturday, January 28, 2023 10:20 PM IST
ഇടുക്കി: എല്ലാ വകുപ്പുകളും 2022-23 സാന്പത്തിക വർഷത്തെ പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും വകുപ്പ് അടിസ്ഥാനത്തിൽ ലഭ്യമായ സംസ്ഥാന-കേന്ദ്രാവിഷ്കൃത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിച്ച് ചെലവു വിവരങ്ങൾ പ്ലാൻ സ്പേസ് പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്നും ജില്ലാ കളക്ടർ ഷീബ ജോർജ് ജില്ലാ വികസനസമിതി യോഗത്തിൽ നിർദേശിച്ചു.
പന്നിയാർ എസ്റ്റേറ്റിനു സമീപം കാട്ടാനകളുടെ ശല്യം അതിരൂക്ഷമാണെന്നും അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും കുളമാവ് ഡാമിനു സമീപം കെഎസ്ഇബി സ്ഥാപിച്ചിരിക്കുന്ന വേലി പൊതുമരാമത്ത് റോഡിൽനിന്നു മൂന്നു മീറ്റർ മാറിയാണോ സ്ഥാപിച്ചിട്ടുള്ളതെന്നു പരിശോധിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ റോഡിനു സ്ഥലം വിട്ടുകിട്ടുന്നതു സംബന്ധിച്ച നടപടി ത്വരിതഗതിയിലാക്കണം.
കുരുവിളാസിറ്റി, എസ്റ്റേറ്റ് പൂപ്പാറ എന്നിവിടങ്ങളിലെ വാട്ടർ കണക്ഷൻ റദ്ദ് ചെയ്ത നടപടി പുനഃപരിശോധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് ഉഷാകുമാരി മോഹൻകുമാർ ആവശ്യപ്പെട്ടു. സബ് കളക്ടർമാരായ രാഹുൽ കൃഷ്ണ ശർമ, ഡോ. അരുണ്‍ എസ്. നായർ, എഡിഎം ഷൈജു പി. ജേക്കബ്, പ്ലാനിംഗ് ഓഫീസർ ഡോ. സാബു വർഗീസ് എന്നിവർ പങ്കെടുത്തു.