മേമാരിക്കുടി വികസനത്തിനായി ധർണ നടത്തും
1263699
Tuesday, January 31, 2023 10:54 PM IST
ഉപ്പുതറ: സഞ്ചാരയോഗ്യമായ റോഡും വാസയോഗ്യമായ വീടും അടിസ്ഥാന വിദ്യാഭ്യാസത്തിനുപോലും സൗകര്യവുമില്ലാതെ വിഷമിക്കുന്ന ഇടുക്കി വന്യജീവി സങ്കേതത്തിലെ ഉൾഗ്രാമമായ മേമാരി ആദിവാസി ഊരിലെ നൂറോളം കുടുംബങ്ങൾ വികസനം ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം നടത്തും. ഇന്നു രാവിലെ പത്തിനു ഉപ്പുതറ പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് സമരം.
ഏതു നിമിഷവും തകർന്നുവീഴാവുന്ന അങ്കണവാടിയിലേക്കു കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കൾക്കു ഭയമാണ്. ഒന്നാം ക്ലാസ് മുതലുള്ള വിദ്യാഭ്യാസം കിട്ടണമെങ്കിൽ ദുർഘടമായ കാട്ടുപാതയിലൂടെ അഞ്ചു കിലോമീറ്റർ താണ്ടി കണ്ണംപടിയിൽ എ
ത്തണം. ഗോത്രസാരഥി പദ്ധതി നിലച്ചതോടെ ഭൂരിഭാഗം കുട്ടികളും പഠനം നിർത്തി. മൊബൈൽ റേഞ്ച് കിട്ടണമെങ്കിൽ മലയിലോ, ഉയർന്ന പ്രദേശങ്ങളിലെ മരങ്ങളുടെ മുകളിലോ കയറണം. ഇതാണ് മേമാരി ആദിവാസി കുടിയിലെ അടിസ്ഥാന സൗകര്യം.
പല തവണ നിവേദനങ്ങളും പരാതികളുമായി അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടർന്നാണ് ആദിവാസികൾ പ്രക്ഷോഭത്തിനു തയ്യാറെടുക്കുന്നതെന്നു സമരസമിതി ചെയർമാൻ എ.വി. രവി, കൺവീനർ താന്നിക്കൽ തങ്കച്ചൻ എന്നിവർ അറിയിച്ചു.