വോളീബോൾ മത്സരങ്ങളുടെ ചുക്കാൻ പിടിച്ച് അച്ഛനും മകനും
1265688
Tuesday, February 7, 2023 10:52 PM IST
കരിങ്കുന്നം: വോളിബോൾ മത്സരങ്ങളുടെ ചുക്കാൻ പിടിച്ച് അച്ഛനും മകനും. ദേശീയ വോളീബോൾ റഫറിയും സംസ്ഥാന വോളീബോൾ റഫറീസ് ബോർഡ് മെംബറുമായ റെജി പി. തോമസിനെയും സംസ്ഥാന റഫറീസ് പാനൽ അംഗമായ മകൻ റെബിൻ റെജി തോമസിനെയും കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ കാത്തലിക്കാ പള്ളിയുടെ ശതോത്തര സുവർണ ജൂബിലിയുടെ ഭാഗമായി നടന്ന വോളീബോൾ മത്സരങ്ങളുടെ സമാപന ദിവസം ആദരിച്ചു.
മുരിക്കാശേരിയിൽ നടന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വോളീബോൾ മത്സരങ്ങൾ നിയന്ത്രിക്കാനും അച്ഛനും മകനുമുണ്ടായിരുന്നു. കോട്ടയം അതിരൂപതയിലെ ഏക നാഷണൽ വോളീബോൾ റഫറിയാണു റെജി. 2000 മുതൽ ദേശീയ വോളീബോൾ റഫറിയും 1990 മുതൽ സംസ്ഥാന റഫറിയുമാണു റെജി പി. തോമസ്.
ഇപ്പോൾ സംസ്ഥാന വോളീബോൾ റഫറീസ് ബോർഡ് മെംബർ, കേരള സംസ്ഥാന നെറ്റ്ബോൾ അസോസിയേഷൻ മെംബർ, യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഇന്റർനാഷണൽ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ്, ഇടുക്കി ജില്ലാ സ്പോർട്സ് കൗണ്‍സിൽ മെംബർ, ഇടുക്കി ജില്ലാ ഒളിന്പിക് അസോസിയേഷൻ മെംബർ, കരിങ്കുന്നം സിക്സസ് വോളീബോൾ ക്ലബ് സെക്രട്ടറി, തൊടുപുഴ ഫിലിം സൊസൈറ്റി നിർവാഹക സമിതി അംഗം, കോസ്മോ പോളിറ്റൻ ക്ലബ് നിർവാഹക സമിതി അംഗം, കാരുണ്യ പാലീയേറ്റീവ് ഹോം കെയർ സൊസൈറ്റി നിർവാഹക സമിതി അംഗം, ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി വോളന്റിയർ, കെസിസി കരിങ്കുന്നം യൂണിറ്റ് കമ്മിറ്റി അംഗം എന്നീ നിലകളിലും റെജി പ്രവർത്തിക്കുന്നുണ്ട്.
തൃപ്രയാറിൽ നടന്ന റെഫറീസ് പരീക്ഷയിൽ എ ഗ്രേഡോടെ ഒന്നാം റാങ്ക് നേടിയ റെബിൻ റെജി തോമസ് മുരിക്കാശേരിയിൽ നടന്ന അഖിലേന്ത്യാ യൂണിവേഴ്സിറ്റി വോളിയിലാണ് അരങ്ങേറ്റം കുറിച്ചത്. മംഗലാപുരം ഫാ. മുള്ളൂർ കോളജിൽ മെഡിക്കൽ ഇമേജിംഗ് ടെക്നോളജിയിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ് റെബിൻ.