പോലീസ് സ്റ്റേഷനിൽ പ്രതിയുടെ പരാക്രമം; ഉദ്യോഗസ്ഥർക്ക് പരിക്ക്
1278589
Saturday, March 18, 2023 10:19 PM IST
തൊടുപുഴ: ബസ് ജീവനക്കാരൻ പോലീസ് സ്റ്റേഷനിലും പിഎച്ച്സിയിലും അഴിഞ്ഞാടി; രണ്ടു ഉദ്യോഗസ്ഥർക്ക് പരിക്ക്. എരുമേലി സ്വദേശി ഷാജി തോമസ് (അച്ചായി-47) ആണ് കരിങ്കുന്നം സ്റ്റേഷനിൽ ആക്രമണം അഴിച്ചുവിട്ടത്. എസ്ഐ ബൈജു പി. ബാബു, ഉദ്യോഗസ്ഥനായ അനീഷ് ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്. സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറകളും പോലീസ് ജീപ്പിന്റെ ഗ്ലാസും തകർത്തു.
ഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്വകാര്യ ബസിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തത് ചോദ്യംചെയ്തതിന് അസഭ്യവർഷം നടത്തിയതിനാണ് ഇയാളെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പിടികൂടി പോലീസിനു കൈമാറിയത്. സ്റ്റേഷനിൽ എത്തിച്ചതോടെ ഇയാൾ അസഭ്യവർഷവും അക്രമവും നടത്തുകയായിരുന്നു.
പിന്നീട് മെഡിക്കൽ പരിശോധനയ്ക്കായി സമീപത്തെ പിഎച്ച്സിയിൽ എത്തിച്ചപ്പോൾ ഇവിടെയും അക്രമാസക്തനായി. കസേരകൾ തകർക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. വൈദ്യപരിശോധനയിൽ മദ്യപിച്ചിരുന്നതായി കണ്ടെത്തി.
പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ ജീപ്പിനുള്ളിൽ പോലീസ് ഉദ്യോഗസ്ഥനായ അനീഷ് ആന്റണിയുടെ പുറത്ത് കടിച്ചു പരിക്കേൽപ്പിച്ചു. ജീപ്പിന്റെ പിൻവശത്തെ ഗ്ലാസ് ചവിട്ടിത്തെറിപ്പിച്ചു. സ്റ്റേഷനിലെ സിസിടിവി കാമറകളും പൈപ്പുകളും തകർത്തു. ഇയാളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് എസ്ഐയുടെ കൈയ്ക്കു പരിക്കേറ്റത്.
കൂടുതൽ പോലീസ് ചേർന്നാണ് പ്രതിയെ കീഴടക്കിയത്. സെല്ലിലടയ്ക്കാൻ ശ്രമിച്ചെങ്കിലും യുവാവ് തല ഗ്രില്ലിലും ഭിത്തിയിലും ഇടിച്ച് സ്വയം പരിക്കേൽപ്പിക്കാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
അക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സ്റ്റേഷനിലെ സിസിടിവിയിൽനിന്നു ലഭിച്ചിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളെ പോലീസ് വിളിച്ചുവരുത്തി. ഏതാനും വർഷങ്ങളായി പ്രതി മാനസിക വിഭ്രാന്തിക്കു ചികിത്സ തേടിയിരുന്നതായും ഇതിനു മുന്പും മറ്റ് വിവിധയിടങ്ങളിലും ഇത്തരം അതിക്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
നേരത്തെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ മജിസ്ട്രേറ്റിനെ ആക്രമിച്ചതടക്കം ഇയാൾക്കെതിരേ പത്തനംതിട്ട ചിറ്റാർ പോലീസ് സ്റ്റേഷനിൽ എട്ടോളം കേസുകളും തലയോലപ്പറന്പ് സ്റ്റേഷനിൽ ഒരു കേസുമുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇയാൾക്കെതിരേ പൊതുസ്ഥലത്ത് പ്രശ്നങ്ങൾ ഉണ്ടാക്കിയതിനും പോലീസുകാരെ ആക്രമിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കോടതിയിൽ ഹാജരാക്കുമെന്നും തൊടുപുഴ ഡിവൈഎസ്പി മധു ബാബു അറിയിച്ചു.