പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ ശ്രമം: വി.പി. സജീന്ദ്രൻ
1278593
Saturday, March 18, 2023 10:19 PM IST
തൊടുപുഴ: സർക്കാരിനെതിരേ ശബ്ദിക്കുന്നവരെ ദ്രോഹിക്കുന്ന നടപടിയാണ് എൽഡിഎഫ് ചെയ്യുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ പറഞ്ഞു. തൊടുപുഴ രാജീവ് ഭവനിൽ ഡിസിസി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈക്കം സത്യഗ്രഹസമരത്തിന്റെ ഒരു ഘട്ടത്തിലും പങ്കാളിത്തമില്ലാതിരുന്ന എൽഡിഎഫും ബിജെപിയും അതിന്റ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമത്തിലാണ്. വൈക്കം സത്യഗ്രഹ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചു 30നു നടക്കുന്ന സമ്മേളനത്തിൽ ജില്ലയിൽനിന്ന് 2,500 പ്രതിനിധികൾ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈക്കം സത്യഗ്രഹ ജൂബിലിയുടെ ഭാഗമായി നടക്കുന്ന സമ്മേളനനഗറിലേക്ക് തമിഴ്നാട്ടിൽനിന്നുൾപ്പെടെ എട്ടു ജാഥകൾ എത്തുമെന്ന് കോണ്ഗ്രസ് രാഷ്ട്രീയകാര്യസമിതി മെംബർ എം. ലിജു അറിയിച്ചു.
യോഗത്തിൽ ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷത വഹിച്ചു. കെപിസിസി നേതാക്കളായ എസ്. അശോകൻ, ഇ.എം. അഗസ്തി, റോയി കെ. പൗലോസ്, എ.കെ. മണി, എം.കെ. പുരുഷോത്തമൻ, എം.എൻ. ഗോപി, തോമസ് രാജൻ, പി.വി. സ്കറിയ, ജോണ് നെടിയപാല, സി.പി. കൃഷ്ണൻ, നിഷ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്നുമുതൽ ജില്ലയിൽ ബ്ലോക്ക് കോണ്ഗ്രസ്, നിയോജക മണ്ഡലം നേതൃയോഗങ്ങളും തുടർന്ന് 58 മണ്ഡലങ്ങളിൽ യോഗവും ചേരുമെന്ന് നേതാക്കൾ അറിയിച്ചു.