വന്യമൃഗഭീഷണി: രണ്ടു സംഘങ്ങളെ നിയോഗിക്കും: മന്ത്രി റോഷി അഗസ്റ്റിൻ
1279344
Monday, March 20, 2023 10:21 PM IST
തിരുവനന്തപുരം: ജനവാസമേഖലയിൽ ഇറങ്ങുന്ന വന്യജീവികളെ പിടികൂടുന്നതിനു രണ്ടു പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. മന്ത്രി റോഷി അഗസ്റ്റിനുമായി നടത്തിയ മന്ത്രിതല യോഗത്തിലാണ് പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ വനംമന്ത്രി നിർദേശം നൽകിയത്.
വാത്തിക്കുടിയിൽ വന്യജീവികളെ കണ്ടെത്തിയ പ്രദേശത്ത് എത്രയുംവേഗം കൂട് സ്ഥാപിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നിർദേശം നൽകി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും പട്രോളിംഗും നിരീക്ഷണവും ശക്തമാക്കാനും യോഗത്തിൽ തീരുമാനിച്ചു. ഇതിനുള്ള നടപടികൾ ഇന്ന് ആരംഭിക്കുമെന്നും വനംമന്ത്രി പറഞ്ഞു.
വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടി സ്കൂൾ സിറ്റി, കൊന്നയ്ക്കാമാലി, വാത്തിക്കുടി, ജോസ്പുരം, ഇരട്ടയാർ പഞ്ചായത്തിലെ അടയാളക്കല്ല്, പുഷ്പഗിരി തുടങ്ങിയ സ്ഥലങ്ങളിലെ ജനവാസമേഖലകളിൽ വന്യജീവികളെ കണ്ടെത്തിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിതല ചർച്ച നടന്നത്. വന്യ മൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയ മറ്റു ജനവാസ മേഖലകളിൽ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു.
വന്യമൃഗഭീഷണി ഒഴിവാക്കുന്നതിനുള്ള ആദ്യ ചുവടുവയ്പാണിതെന്ന് മന്ത്രി റോഷി പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയാണ് പ്രധാനം. ആവശ്യമെങ്കിൽ വരുംദിവസങ്ങളിൽ കൂടുതൽ പേരുടെ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്ത് വന്യജീവികളെ കണ്ടതായി വിവരം ലഭിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച മുരിക്കാശേരിയിൽ നടന്ന സർവകക്ഷി യോഗത്തിൽ നിരീക്ഷണത്തിനായി കൂടുതൽ കാമറകൾ സ്ഥാപിക്കാനും പട്രോളിംഗ് ശക്തമാക്കാനും മന്ത്രിയുടെ സാന്നിധ്യത്തിൽ തീരുമാനിച്ചിരുന്നു. തുടർന്നും വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വനംമന്ത്രിയുമായി ചർച്ച നടത്തിയതും പ്രശ്നപരിഹാരത്തിനായി അടിയന്തര നടപടികൾ സ്വീകരിച്ചതും.
വനംമന്ത്രിയുടെ ഓഫീസിൽ നടന്ന യോഗത്തിൽ മന്ത്രിമാർക്കു പുറമേ പ്രിൻസിപ്പൽ ചീഫ് കണ്സർവേറ്റർ ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് നോയൽ തോമസ്, വനംമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.എസ്. മധുസൂദനൻ നായർ തുടങ്ങിയവരും പങ്കെടുത്തു.