വിക്രം ചിന്നക്കനാലിലെത്തി; തന്ത്രങ്ങൾ മെനഞ്ഞ് ദൗത്യസംഘം
1279345
Monday, March 20, 2023 10:21 PM IST
രാജകുമാരി/തൊടുപുഴ: അരിക്കൊന്പനെ 25നു മയക്കുവെടി വയ്ക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്ന് മൂന്നാർ ഡിഎഫ്ഒ രമേശ് ബിഷ്ണോയ്. ഇതു പരാജയപ്പെട്ടാൽ പിറ്റേന്ന് അടുത്ത ശ്രമം നടത്തും. ദൗത്യസംഘം എത്തിയശേഷം 24നു മോക്ഡ്രിൽ നടത്തും. ആനയെ പിടികൂടി മാറ്റാൻ കഴിഞ്ഞില്ലെങ്കിൽ റേഡിയോ കോളർ ഘടിപ്പിച്ച് വിട്ടയയ്ക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
അതേസമയം, അരിക്കൊന്പനെ പിടികൂടുന്നതിനുള്ള ദൗത്യസംഘത്തിന്റെ ഭാഗമായ കുങ്കിയാനകളിലൊന്നിനെ വയനാട് മുത്തങ്ങയിൽനിന്ന് ഇന്നലെ ചിന്നക്കനാലിലെ സിമന്റ് പാലത്തെത്തിച്ചു. വടക്കനാട് കൊന്പനെന്നറിയപ്പെടുന്ന വിക്രം എന്ന കുങ്കിയാനയെയാണ് 14 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ഇന്നലെ പ്രത്യേക ലോറിയിൽ ഇവിടെയെത്തിച്ചത്.
എന്നാൽ, യാത്രയുടെ ക്ഷീണമൊന്നും ഇല്ലെന്നും രണ്ടുദിവസത്തിനുള്ളിൽ ഇവിടുത്തെ കാലാവസ്ഥയുമായി ആന ഇണങ്ങുമെന്നും വനംവകുപ്പ് അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ ഡോ. അജേഷ് പറഞ്ഞു. രണ്ടുദിവസത്തിനുള്ളിൽ അവശേഷിക്കുന്ന മൂന്നു കുങ്കിയാനകളെകൂടി ചിന്നക്കനാലിൽ എത്തിക്കാനാണ് തീരുമാനം. ഇതോടൊപ്പം 26 അംഗ ദൗത്യസംഘവും സ്ഥലത്തെത്തും. 23നു ദൗത്യസംഘം തലവനായ ചീഫ് വെറ്ററിനറി സർജൻ ഡോ. അരുണ് സക്കറിയയും സ്ഥലത്തെത്തും.
ഇന്നു ജില്ലാ കളക്ടർ ഷീബ ജോർജിന്റെ സാന്നിധ്യത്തിൽ മൂന്നാറിൽ പ്രത്യേക യോഗം ചേർന്ന് അരിക്കൊന്പനെ പിടികൂടുന്നതിനുള്ള അന്തിമ പദ്ധതി തയാറാക്കും. ചിന്നക്കനാൽ സിമന്റ് പാലത്തിനു സമീപം അരിക്കൊന്പൻ നേരത്തെ തകർത്ത റേഷൻകടയുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് നിർമിച്ച താത്കാലിക ഷെഡിൽ അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ എത്തിച്ച് ആനയെ ഇവിടേക്ക് ആകർഷിച്ചു കൊണ്ടുവന്ന് മയക്കുവെടി വയ്ക്കാനാണ് ദൗത്യസംഘത്തിന്റെ നീക്കം.
ഇന്നലെ ശങ്കരപാണ്ഡിമെട്ടിലായിരുന്നു അരിക്കൊന്പനുൾപ്പെടുന്ന കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നത്. അവിടെനിന്ന് കിലോമീറ്റർ അകലെയുള്ള സിമന്റ് പാലത്ത് കാട്ടാനയെ എത്തിക്കണം. ഈ രണ്ടു സ്ഥലങ്ങളുടെയും മധ്യഭാഗത്താണ് ആനയിറങ്കൽ ഡാം. 35 വയസുമുള്ള അരിക്കൊന്പനെ 2017-ൽ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും പദ്ധതി പരാജയപ്പെടുകയായിരുന്നു. അന്ന് മൂന്നുതവണ മയക്കുവെടി വച്ചെങ്കിലും ആനയെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല. അതിനാൽ ഏറെ ശ്രദ്ധയോടെയാണ് ഇത്തവണ ദൗത്യസംഘം പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
ശ്രമകരമായ ദൗത്യത്തിന്റെ ഭാഗമായി മയക്കുവെടി വയ്ക്കുന്ന ദിവസം പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിക്കും. കനത്ത സുരക്ഷയോടെയാകും ഓപ്പറേഷൻ നടത്തുക.